ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങൾ ലക്ഷ്യം
തിരുവനന്തപുരം:സംസ്ഥാനത്തെ 10,000 സംരംഭങ്ങൾക്ക് ഒരു കോടി രൂപ വിറ്റുവരവ് ഉറപ്പാക്കുന്ന 'മിഷൻ 10,000' പദ്ധതി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിലവിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മിഷൻ 1000 നടപ്പാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണിത്. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ എം.എസ്.എം.ഇ ഉദ്യം രജിസ്‌ട്രേഷൻ 75,000 മാത്രമായിരുന്നു. നിലവിലിത് 15,75,987 ആയി ഉയർന്നു. മൂന്നര ലക്ഷം എം.എസ്.എം.ഇകളാണ് പുതുതായി രജിസ്റ്റർ ചെയ്‌തത്.
സംരംഭങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കി. ഇതിലൂടെ സംരംഭങ്ങളുടെ പരാജയം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിൽ 30 കോടി രൂപയുടെ ഉത്‌പന്നങ്ങളാണ് വിറ്റഴിച്ചത്. കെ സ്‌റ്റോർ, കെ ഷോപ്പി എന്നിവ വഴിയാണ് വിൽപ്പന നടന്നത്. 'വ്യവസായ ജാലകം 2025' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ലോക ബാങ്കിന്റെ മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായത്തിനുള്ള ധാരണാപത്രം വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റും 'കേര'പദ്ധതിയും തമ്മിൽ ഒപ്പുവച്ചു. വിദ്യാർത്ഥികൾക്കായുള്ള പ്രശ്‌നോത്തരിയുടെ മെഗാ ഫൈനലും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പി. ഗോപിനാഥൻ, കെ. ഭവദാസൻ എന്നിവരെ ആദരിച്ചു.
ആന്റണി രാജു എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ ഡയറക്ടർ പി.വിഷ്ണുരാജ്, ബി അശോക്, ആനി ജൂലാ തോമസ്, ഡോ. കെ. എസ് കൃപകുമാർ, ജി. രാജീവ്, എ. നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |