നിക്ഷേപകരുടെ വിശ്വാസ്യതയിലെ നഷ്‌ടം വിനയായി
കൊച്ചി: അമേരിക്കയുടെ സാമ്പത്തിക സ്ഥിരതയിലും ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയിലും സംശയമേറിയതോടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളും ആഗോള ഫണ്ടുകളും ഡോളറിനെ കൈവിടുന്നു. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും പ്രിയം കുറച്ചതോടെ യൂറോയും സ്‌റ്റർലിംഗും ഡോളറിനെതിരെ കരുത്താർജിച്ചു. അമേരിക്കൻ സാമ്പത്തിക മേഖല നെഗറ്റീവ് വളർച്ച നേടുന്നതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും തിരിച്ചടിയായി. ഇതിനിടെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ പ്രസിഡന്റ് ട്രംപ് പരസ്യ നിലപാട് സ്വീകരിക്കുന്നതും നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു. പവലിന് പകരക്കാരനെ കണ്ടെത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പലിശയിലെ കുറവ് ഡോളറിനെ ദുർബലമാക്കും.
രൂപയുടെ കരുത്തേറുന്നു
ആഗോള മേഖലയിലെ അനുകൂല വാർത്തകളും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ഇന്ത്യൻ രൂപയ്ക്കും കരുത്തായി. രണ്ടര വർഷത്തിനിടെയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് രൂപ ഈ വാരം രൂപ വ്യാപാരം പൂർത്തിയാക്കിയത്. ഡോളറിനെതിരെ രൂപയുടെ ഇന്നലെ 24 പൈസ മെച്ചപ്പെട്ട് 85.48ൽ അവസാനിച്ചു. പശ്ചിമേഷ്യയിൽ സമാധാനം മടങ്ങിയെത്തിയതോടെ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതും രൂപയ്ക്ക് ഗുണമായി. ജനുവരി 26ന് മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ 12,594.38 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങിയത്.
അമേരിക്കയുമായി വ്യാപാര കരാർ ഉടൻ
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതും രൂപയ്ക്കും ഓഹരി വിപണിക്കും ആവേശം സൃഷ്‌ടിച്ചു. വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് ഡൊണാൾഡ് ട്രംപ് അനുവദിച്ച 90 ദിവസത്തെ ഇളവ് ജൂലായ് ഒൻപതിന് അവസാനിക്കുന്നതിന് മുൻപ് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.
ഡോളറിന്റെ വെല്ലുവിളി
1. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും നയതീരുമാനങ്ങളിലെ അസ്ഥിരതും നിക്ഷേപകർക്ക് ഡോളറിലെ വിശ്വാസം നഷ്‌ടമാക്കുന്നു
2. അമേരിക്കയിലെ മാന്ദ്യ സാഹചര്യം കണക്കിലെടുത്ത് ഫെഡറൽ റിസർവ് തിരക്കിട്ട് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തൽ തിരിച്ചടിയായി
3. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ നിന്ന് ഡോളർ ഒഴിവാക്കി സ്വർണ നിക്ഷേപം കൂട്ടുന്നു
4. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ചേർന്ന് ഡോളറിന് ബദലായി സംയുക്ത നാണയം ഇറക്കിയേക്കും
രൂപ@85.48
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |