തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് (2023) കെ. കുഞ്ഞികൃഷ്ണനെ തിരഞ്ഞെടുത്തതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവ് ബൈജു ചന്ദ്രൻ ചെയർമാനും ടെലിവിഷൻ പ്രോഗ്രാം/ ഡോക്യുമെന്ററി സംവിധായകരായ ഡയാന സിൽവസ്റ്റർ, മോഹൻകുമാർ കല്ലായിൽ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
മലയാള ടെലിവിഷൻ സംപ്രേഷണത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കെ. കുഞ്ഞികൃഷ്ണനെന്ന് ജൂറി അഭിപ്രായപ്പെട്ടു.1977ൽ കൽക്കട്ട ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിയിൽ പ്രവേശിച്ച കെ. കുഞ്ഞികൃഷ്ണൻ, മദ്രാസ് ദൂരദർശന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കെ, മദ്രാസിൽനിന്നുള്ള മലയാള സംപ്രേഷണത്തിന്റെ ചുമതല വഹിച്ചു. 1984ൽ തിരുവനന്തപുരം ദൂരദർശന്റെ പ്രഥമ ഡയറക്ടറായി. 1985 ജനുവരി ഒന്നിന് മലയാളമണ്ണിൽ നിന്ന് ആരംഭിച്ച ടെലിവിഷൻ സംപ്രേഷണത്തിന് നേതൃത്വം നൽകി.
ദൂരദർശന്റെ അഡിഷണൽ ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചുകൊണ്ട് 2005ൽ വിരമിച്ച അദ്ദേഹം, ടെലിവിഷനും സമൂഹവും ടെലിവിഷൻ: വീക്ഷണം വിശകലനം എന്നീ പഠനഗ്രന്ഥങ്ങൾ, 2018ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച 'പ്രളയകാലത്തെ മലയാള ടെലിവിഷൻ" എന്ന ലേഖനം തുടങ്ങിയ രചനകളിലൂടെ ഈ മാദ്ധ്യമത്തെ അക്കാഡമികമായി സ്ഥാനപ്പെടുത്തി.
പയ്യന്നൂർ പെരളം സ്വദേശിയായ കെ.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചിത്രകാരിയായ രാഗിണിയാണ് ഭാര്യ. ജയദീപ് കൃഷ്ണൻ, വിശ്വനാഥ് കൃഷ്ണൻ എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |