കോഴിക്കോട്: 18-ാമത് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ തുടക്കം. കോഴിക്കോട് കടപ്പുറത്തെ ആസ്പിൻ കോർട്ട്‌യാർഡിലെ പ്രതിനിധി സമ്മേളന നഗരിയിൽ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു പതാക ഉയർത്തി. 'വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, ഐക്യമാണ് വഴി, ബഹുസ്വരതയാണ് കരുത്ത്" എന്ന മുദ്രാവാക്യം ഉയർത്തിയാണ് നാലുനാൾ നീളുന്ന സമ്മേളനം.
രക്തസാക്ഷി മണ്ഡപത്തിൽ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, വി.പി.സാനു, അഖിലേന്ത്യാ ഭാരവാഹികൾ തുടങ്ങിയവർ രക്തപുഷ്പങ്ങളർപ്പിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിധീഷ് നാരായണൻ രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ദേബാഞ്ജൻ ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം മാദ്ധ്യമപ്രവർത്തകൻ ശശികുമാർ, നടനും നാടകപ്രവർത്തകനുമായ എം.കെ.റെയ്‌ന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്- ബി.ജെ.പി ഭരണകൂടം ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുകയാണെന്ന് ശശികുമാർ പറഞ്ഞു. വി.പി.സാനു അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് അരുൺകുമാർ, അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി, എ.ഐ.എസ്.എഫ് അഖിലേന്ത്യാ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. പ്രതിനിധിസമ്മേളനം ഇന്നും നാളെയും തുടരും. തിങ്കളാഴ്ച രാവിലെ 11ന് കെ.വി.സുധീഷ് നഗറിൽ കാൽലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഉജ്ജ്വല റാലിയോടെ സമ്മേളനം സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പൂർവകാല നേതൃസംഗമം ഇന്ന്
എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൂർവകാല നേതൃസംഗമം നടക്കും. വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചിലെ സീതാറാം യെച്ചൂരി- നേപ്പാൾ ദേവ് ഭട്ടാചാര്യ നഗറിൽ നടക്കുന്ന സംഗമത്തിൽ മുൻ അഖിലേന്ത്യാ ഭാരവാഹികളായ എം.എ.ബേബി, പ്രകാശ് കാരാട്ട്, ബിമൻ ബസു, എ.വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |