കോഴിക്കോട്: ദേശീയപാത 66 നിർമാണ പ്രവൃത്തിയുടെ ഭാഗമായി സോയിൽ നെയ്ലിംഗ് നടന്ന ഭാഗത്തെ ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിർമാണത്തെത്തുടർന്ന് അപകടഭീഷണിയിലായ കൊയിലാണ്ടി കുന്ന്യോറ മലയിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 22 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയുള്ള ഇടപെടൽ ദേശീയപാത അതോറിറ്റിയിൽ നിന്നുണ്ടാവണം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചപ്പോൾ കുന്ന്യോറ മലയിലെ മണ്ണിടിച്ചിൽ വിഷയവും ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ദേശീയപാത കോഴിക്കോട് ബൈപാസിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നെല്ലിക്കോട് ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. വെങ്ങളം - അഴിയൂർ റീച്ചിൽ ചില പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. ഇതിൽ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ജില്ല കളക്ടറുടെയും എ.ഡി.എമ്മിന്റെയും നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രതിനിധികൾ നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ജില്ലാ വികസന സമിതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതയിൽ ആവശ്യമായ ഇടങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി.
വെങ്ങളം - കൊയിലാണ്ടി സർവീസ് റോഡിന് വീതി കുറവും തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറ മലയിൽ നിന്നും ദേശീയപാത പ്രവൃത്തികൾക്കായി ആശാസ്ത്രീയമായി മണ്ണെടുക്കുന്നതും തടമ്പാട്ട്താഴത്തു നിന്നും കണ്ണാടിക്കലേക്ക് പോകുന്ന ഭാഗത്തു ബൈപാസ്സിന്റെ സൈഡിൽ വെള്ളം കെട്ടിനിന്ന് വീടുകളിൽ വെള്ളം കയറുന്ന പ്രശ്നം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. ദേശീയപാതയിലെ പണി പൂർത്തിയായ പ്രധാന ക്യാരജ്‌വേകൾ തുറന്നു നൽകാൻ ജില്ല കളക്ടർ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |