കോഴിക്കോട്: ട്രിപ്പ് മുടങ്ങാതിരിക്കാൻ ഓടിയോടി മടുത്ത് സമരത്തിലേക്ക് നീങ്ങുകയാണ് മലാപ്പറമ്പ് - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ. ജൂലായ് നാല് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം. ഈ റൂട്ടിലോടുന്ന മുപ്പതോളം ബസുകളാണ് സർവീസ് നിർത്തുന്നത്. ദിനംപ്രതി മെഡിക്കൽ കോളേജിലേക്കുൾപ്പെടെ നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന പ്രദേശമാണിത്. മലാപ്പറമ്പ് ഭാഗത്ത് ദേശീയപാതയുടെ പണി ആരംഭിച്ച കാലം മുതൽ തുടങ്ങിയതാണ് ഇവരുടെ പെടാപ്പാട്. ദേശീയപാതയിൽ പലയിടത്തും പണികൾ നടക്കുന്നതിനാൽ മലാപ്പറമ്പ് ചുറ്റിക്കറങ്ങി വേണം സർവീസ് നടത്താൻ. മലാപ്പറമ്പ് നിന്നും മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാൻ എട്ടു മുതൽ പത്ത് മിനിറ്റ് വരെയാണ് സ്വകാര്യ ബസുകൾക്ക് അനുവദിച്ച സമയം. എന്നാൽ ഇപ്പോൾ 20 മിനിറ്റാണ് ഇപ്പോൾ സർവീസ് പൂർത്തിയാക്കാമെടുക്കുന്ന മിനിമം സമയം. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ഇത് വീണ്ടും കൂടും. മലാപ്പറമ്പ് നിന്നും മെഡിക്കൽ കോളേജ് - കുടിൽത്തോട് - ചേവരമ്പലം വഴിയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. സാധാരണയിലും മൂന്ന് കിലോമീറ്റർ അധികമാണ് ഇപ്പോൾ ഓടേണ്ടിവരുന്നത്. സമയത്ത് ട്രിപ്പുകൾ അവസാനിപ്പിക്കാൻ സാധിക്കാതെ വന്നാൽ മറ്റ് ബസുകളുമായി കലഹവും പതിവാണ്. ട്രിപ്പ് മുടങ്ങുന്നതോടെ വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്.
ബദൽമാർഗം ഒരുക്കിയില്ല
ഈ പ്രശ്നം നിരവധി തവണ ജില്ലാകളക്ടർ, ദേശീയപാതാ അതോറിറ്റി, ട്രാഫിക് പൊലീസ് എന്നിവരെയെല്ലാം അറിയിച്ചിരുന്നു. ബദൽ മാർഗം ഒരുക്കാമെന്ന് പറഞ്ഞിരുന്നു. തൊണ്ടയാട് ഭാഗത്ത് നിന്നും മലാപ്പറമ്പിലേക്കുള്ള സർവീസ് റോഡ് ബസ് സർവീസിനായി തുറന്നുനൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ല. സർവീസ് റോഡിന്റെ പണിയും നിലച്ചു. മറ്റൊരു സംവിധാനം ഒരുക്കിയില്ലെങ്കിൽ ഇനി മുന്നോട്ട് പോകാനാവില്ലെന്നാണ് ബസുടമകളും തൊഴിലാളികളും പറയുന്നത്.
'' ദേശീയപാതയുടെ പണി നീണ്ടു പോവുന്നതിനാൽ ജില്ലയിലെ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കഴിഞ്ഞ ദിവസം കണ്ണൂർ - കോഴിക്കോട് റൂട്ടിലും സമരം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് ദേശീയ പാതയുടെ പ്രവൃത്തികൾ പൂർത്തിയാക്കണം. അല്ലെങ്കിൽ സർവീസ് പൂർണമായും അവസാനിപ്പിക്കേണ്ടി വരും."
അബ്ദുറഹ്മാൻ, സിറ്റി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |