മോസ്‌കോ: യു.എസുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ സ്ഥിരത കൈവരുന്നതായി പുട്ടിൻ പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുട്ടിൻ നന്ദിയറിക്കുകയും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും മിൻസ്കിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ 3,000 യുക്രൈനിയൻ സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരികെ നൽകാൻ റഷ്യ തയ്യാറാണെന്നും അറിയിച്ചു. പുട്ടിന്റെ പരാമർശങ്ങൾ ഏറെ ഹൃദ്യമാണെന്ന് ട്രംപ് പ്രതികരിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണമായിരുന്നെങ്കിൽ ഇത്തരത്തിലൊന്ന് സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത ആശങ്കയെ കുറിച്ചും റഷ്യ-യുക്രെയ്ൻ യുദ്ധത്തെ കുറിച്ചും രണ്ടാഴ്ച മുൻപ് ഇരുരാഷ്ട്രനേതാക്കളും ഫോണിലൂടെ ചർച്ച ചെയ്തിരുന്നു. തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നല്ല മാറ്റം വരുന്നതായുള്ള പുട്ടിന്റെയും ട്രംപിന്റെയും പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |