കോട്ടയം : പറയുമ്പോൾ കർഷകർക്കായി പദ്ധതികൾ നിരവധിയുണ്ട്. പക്ഷേ, ഇതിൽ ആകൃഷ്ടരായി വലിയ തുക വായ്പയെടുത്തവർക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രമാണ്. ഒരുപറ്റം ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള ചൂഷണത്തിൽ മനംമടുത്ത് പലരും കാർഷികവൃത്തി ഉപേക്ഷിക്കുകയാണ്. മീൻ വളർത്തൽ, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലാണ് പ്രശ്നം രൂക്ഷം. കൊവിഡിനെ തുടർന്ന് ജോലിനഷ്ടമായവരും, പ്രവാസജീവിതത്തിലേക്ക് മടങ്ങാതെ സ്വയം തൊഴിൽ, സ്വയംസംരംഭം എന്ന നിലയിൽ നിരവധി യുവാക്കളും തിരഞ്ഞെടുത്തത് പശുവളർത്തലായിരുന്നു.
മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഗുണം ലഭിച്ചത് അന്യസംസ്ഥാനങ്ങളിൽ നിന്ന് പശുക്കളെ വാങ്ങി വളർത്തുന്ന കർഷകർക്കാണ്. ഇതിന്റെ മറവിൽ ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്ത് ഗുണനിലവാരം ഇല്ലാത്ത പശുക്കളെ വ്യാപകമായി വിതരണം ചെയ്തു. മത്സ്യ സമ്പത്ത് യോജന പദ്ധതി വഴി ലക്ഷക്കണക്കിന് കർഷകരാണ് വായ്പയെടുത്ത് വിവിധ പദ്ധതികൾ തുടങ്ങിയത്. എന്നാൽ കൃത്യമായ പഠനങ്ങൾ നടത്താത്തത് തിരിച്ചടിയായി. കാർഷിക കടാശ്വാസ കമ്മിഷന്റെ നിലപാടും ആശ്വാസമേകുന്നില്ല. 2016 മാർച്ച് 31 ന് ശേഷമുള്ള അപേക്ഷകൾ കമ്മിഷൻ സ്വീകരിച്ചിട്ടില്ല.
ഫ്ലോപ്പായി ബയോഫ്ലോക്ക്
നിരവധിപ്പേരാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത്. കൃത്യമായ വിപണന സാദ്ധ്യത കണ്ടെത്താൻ കഴിയാതെ പലരും കടക്കെണിയിലായി. പിന്നാലെ കൃഷി ഉപേക്ഷിച്ചു. കർഷകരുടെ വിറ്റുപോകാത്ത മീനുകൾ സംഭരിക്കാൻ ഫിഷറീസ് വകുപ്പും തയ്യാറായില്ല. ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വളർത്തുമത്സ്യങ്ങളുടെ കടന്നുവരവും വലിയ പണച്ചെലവുമാണ് പദ്ധതി പരാജയപ്പെടാൻ കാരണം. വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് നിർമ്മാണ സാമഗ്രികൾ വിറ്റ് കച്ചവടക്കാരും ഇവരിൽ നിന്ന് കമ്മിഷൻ വാങ്ങി ചില ഉദ്യോഗസ്ഥരും നേട്ടമുണ്ടാക്കി.
വിപണന സാദ്ധ്യത പഠിക്കാതെ
ബയോ ഫ്ളോക്ക് കൃഷി ഫിഷറീസ് വകുപ്പ് വ്യാപകമായി പ്രചരിപ്പിച്ചു
വളർത്താൻ നൽകിയത് ഡിമാൻഡ് കുറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ
കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഈ മത്സ്യം എത്താൻ തുടങ്ങി
കോഴി വേസ്റ്റ് നൽകി വളർത്തുന്നവ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തി
''ഭൂരിപക്ഷം കർഷകരും ജപ്തി ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ അപേക്ഷകൾ കർഷകരിൽ നിന്ന് സ്വീകരിക്കാൻ സർക്കാർ തയ്യാറായി കാർഷിക കടാശ്വാസ കമ്മിഷൻ വഴി പരിഹാരം കാണണം.
(എബി ഐപ്പ്, കർഷക കോൺഗ്രസ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |