കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ പ്രഖ്യാപനത്തിലൊതുങ്ങുന്നു. പഴയ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചു നീക്കി വർഷങ്ങളായിട്ടും പുതിയത് പണിയാൻ നടപടിയായിട്ടില്ല. ഗ്രാമീണ മേഖലളിലെ മിക്ക പഞ്ചായത്തുകളും പഞ്ചായത്തിന്റെ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കുന്നത് പഞ്ചായത്ത് കമ്മ്യൂമിറ്റി ഹാളുകളിലാണ്. എന്നാൽ പൂവച്ചൽ പഞ്ചായത്തിനാകട്ടെ പൊതുചടങ്ങുകൾ നടത്താൻ ഇപ്പോൾ സ്ഥലമില്ലാത്ത അവസ്ഥയാണ്.
പഞ്ചായത്തോഫീസിന് എതിർ വശത്തായായി റോഡിനോട് ചേർന്നാണ് പഴയ കമ്മ്യൂണിറ്റിഹാൾ ഉണ്ടായിരുന്നത്. ഹാളിന്റെ നിർമ്മാണത്തിലെ അപാകതകൾ കാരണം പഞ്ചായത്തിന്റേയും മറ്റ് പൊതു പരിപാടികളും നാമമാത്രമായിട്ടാണ് ഹാളിൽ നടന്നിട്ടുള്ളത്. തുടർന്ന് ഈ ഹാൾ ഉപയോഗ ശൂന്യമായതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.ഇവിടെയുണ്ടായിരുന്ന ഫർണ്ണിച്ചറുകൾ സാമൂഹ്യവിരുദ്ധർ കൊണ്ടുപോയി.
വഴിത്തർക്കത്തിലെത്തി
പുതിയ കെട്ടിടം
ജീർണ്ണാവസ്ഥയിൽ കിടന്ന കമ്മ്യൂണിറ്റി ഹാളിന് പുനർജന്മം നൽകാൻ പുതിയ കെട്ടിടം നിർമ്മിക്കാനായി സ്പീക്കറും എം.എൽ.എയുമായിരുന്ന ജി.കാർത്തികേയൻ ഒരു കോടി രൂപ ആദ്യഘട്ടമായി അനുവദിച്ച് 2015ൽ ഒരു ലക്ഷം രൂപ കരാർ നൽകി കെട്ടിടം പൊളിച്ചു നീക്കി. കരാറേറ്റെടുത്തവർ സാധങ്ങളൊക്കെ മാറ്റികഴിഞ്ഞപ്പോൾ കെട്ടിടം പൊളിക്കുന്ന സാധനങ്ങൾ കയറ്റിയ ലോറി കൊണ്ടുപോകുന്ന വഴിയെച്ചൊല്ലി സമീപത്തെ സഹകരണ സംഘവുമായി തർക്കമായി. ഇതോടെ അടിസ്ഥാനം ഉൾപ്പെടെ പൊളിക്കൽ നടന്നില്ല.
വാണിജ്യ സമുച്ചയം
പദ്ധതിയും നടന്നില്ല
2017ൽ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതി ഇവിടെ കെട്ടിട സമുച്ചയം പണിയാൻ തീരുമാനിച്ചിരുന്നതാണ്. സാമൂഹിക കേന്ദ്രം, ഓഫീസ് സമുച്ചയം,കോൺഫറൻസ് ഹാൾ, കടമുറികൾ എന്നിവ ഉൾപ്പെടുന്ന വാണിജ്യ സമുച്ചയം പണിയാനായാണ് പദ്ധതി തയാറാക്കിയത്. കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കാനായി 10 ലക്ഷം രൂപ ഉൾപ്പെടുത്തുകയും ചെയ്തു.എന്നാൽ പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. പഞ്ചായത്തിന്റെ രേഖകളിൽ 40 സെന്റ് സ്ഥലമാണുള്ളത്.എന്നാൽ പ്രദേശവാസികളുടെ കേറ്റം കാരണം ഇപ്പോൾ 27 സെന്റ് സ്ഥലം മാത്രമാണുള്ളത്.പിന്നീട് പഞ്ചായത്ത് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനോ കെട്ടിടം നിർമ്മിക്കാനോ തയ്യാറായില്ല.
സാധനങ്ങൾ മോഷണം പോയി
വിവാഹങ്ങൾ ഉൾപ്പെടെയുള്ളവ നടത്താനായി മുൻ ഭരണസമിതികൾ വാങ്ങി പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കസേരകൾ,മേശകൾ,പാത്രങ്ങൾ,ജനറേറ്റർ തുടങ്ങി ലക്ഷങ്ങൾ വിലയുള്ള സാധനങ്ങളാണ് ഇവിടെ നിന്നും മോഷണം പോയത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ തുടർച്ചയായി വന്ന പഞ്ചായത്ത് ഭരണ സമിതികൾ തയ്യാറായിട്ടില്ല. ഇനി പുതിയ കമ്മ്യൂണിറ്റി ഹാൾ പണിതാൽ ഇവയൊക്കെ വീണ്ടും വാങ്ങേണ്ട സ്ഥിതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |