കൊച്ചി: ലോട്ടറി വിൽപ്പനക്കാരിയിൽ നിന്ന് 3800 രൂപയുടെ ലോട്ടറിടിക്കറ്റുകളും കൈവശമുണ്ടായിരുന്ന 6000 രൂപയും തട്ടിയെടുത്തു.
വൈറ്റിലയിലും പരിസരത്തും കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന അരൂർ കോട്ടപ്പുറം ചിറപ്പുറത്ത് ഹൗസിൽ ശാന്തമ്മയാണ് (71) കവർച്ചയ്ക്കിരയായത്.
വൈറ്റില ഹബ്ബിന് സമീപം ശനിയാഴ്ച രാത്രി 8.10നായിരുന്നു സംഭവം. തമ്മനത്ത് ജോലി ചെയ്യുന്ന മകൻ ബൈക്കിലെത്തുന്നതും കാത്ത് ഹബ്ബിന് സമീപം ഇരിക്കുമ്പോഴാണ് ടിക്കറ്റ് എടുക്കാനെന്ന വ്യാജേന മോഷ്ടാവ് സമീപിച്ചത്. തുടർന്ന് ഞായറാഴ്ച നറുക്കെടുക്കുന്ന 3800 രൂപയുടെ 76 ടിക്കറ്റുകൾ എടുത്ത ഇയാൾ കണിയാമ്പുഴ റോഡിലെ എ.ടി.എമ്മിൽ നിന്ന് പൈസയെടുത്ത് തരാമെന്ന് പറഞ്ഞ് ശാന്തമ്മയെ കൂട്ടിക്കൊണ്ടു പോയി. റോഡിൽ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ ശാന്തമ്മയുടെ കൈവശമുണ്ടായിരുന്ന പേഴ്സ് ബലമായി കൈവശപ്പെടുത്തി 6000 രൂപ കൂടി കൈക്കലാക്കി കടന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ മരട് പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |