മാന്നാർ: 'ചോരാത്ത വീട് ' പദ്ധതിയിൽ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് നടൻ ഗിന്നസ് പക്രു എത്തിയത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൗതുകമായി. മാന്നാർ കുട്ടമ്പേരൂർ കുറ്റിത്താഴ്ചയിൽ വീട്ടിലാണ് ഗിന്നസ് പക്രു എത്തിയത്. മാന്നാറിലെ മുൻ ഗ്രാമപഞ്ചായത്തംഗവും ചോരാത്ത വീട് പദ്ധതിയുടെ ചെയർമാനുമായ കെ.എ കരീമുമായി അടുപ്പമുള്ള ഗിന്നസ് പക്രു കുട്ടമ്പേരൂരിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 'ചോരാത്ത വീട്' പദ്ധതിയെ കുറിച്ച് വളരെ മുമ്പേ അറിയാവുന്ന ഗിന്നസ് പക്രു, തമാശകൾ പറഞ്ഞും കുസൃതി ചോദ്യങ്ങൾ ചോദിച്ചും കുട്ടികളോടൊപ്പം നിർമ്മാണം നടക്കുന്ന വീട്ടിൽ ഏറെ നേരം ചെലവഴിച്ചു. കെ.എ.കരീം ഗ്രാമപഞ്ചായത്തംഗമായിരുന്നപ്പോൾ മാന്നാറിൽ ഒരു റോഡിന്റെ ഉദ്ഘാടനം ഗിന്നസ് പക്രു നിർവഹിക്കുകയും ആ റോഡിന് ഗിന്നസ് പക്രു റോഡ് എന്ന് നാമകരണവും ചെയ്തതിന്റെ ഓർമ്മകളും പങ്കുവച്ചു. ഇനി ഒരു ചോരാത്ത വീടിന്റെ ഉദ്ഘാടനത്തിനായി എത്തുമെന്നും പദ്ധതിക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ച ശേഷമാണ് പക്രു മടങ്ങിയത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, സജു തോമസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവംഗം ജി.കൃഷ്ണകുമാർ, മാന്നാർ മീഡിയ സെന്റർ സെക്രട്ടറി പി.ജെ. അൻഷാദ്, വി.കെ.സജുകുമാർ, അഞ്ജുഷ എന്നിവരും ഗിന്നസ് പക്രുവിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |