ആലപ്പുഴ: കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഇനി മുതൽ കുടുംബശ്രീ പോക്കറ്റ് മാർട്ട് വഴി ലഭിക്കും. ബുക്ക്, കടലാസ്, കരകൗശല വസ്തുക്കൾ, എഴുതാനുപയോഗിക്കുന്ന പാഡുകൾ, കടലാസുപേന, ബാഗ്, ചെരുപ്പ്, ആഭരണങ്ങൾ തുടങ്ങിയവയാണ് ലഭിക്കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബത്തിനും വരുമാനമാർഗം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വിപണനമേളകൾ, സരസ്‌മേളകൾ, വിവിധ പരിശീലന പരിപാടികൾ എന്നിവയാണ് നിലവിലെ പ്രധാന വിപണികൾ.
സംസ്ഥാനത്ത് 378 ബഡ്‌സ് സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 212 ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററും (ബി.ആർ.സി) 166 സ്‌കൂളുകളുമാണ്.
ബ്രാൻഡിംഗ് നൽകും
1.പല യൂണിറ്റുകളും പലപേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് ഇതൾ എന്നപേരിലാണ് വിപണനം. ഒരു ഏകീകൃത സ്വഭാവമുണ്ടാക്കുന്നതിന് 'ഇതൾ' എന്ന ഒറ്റ ബ്രാൻഡിലാകും എല്ലാ ജില്ലകളിലെയും ഇനിയുള്ള വിപണനം
2.അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നതും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതും കുടുംബശ്രീയാണ്.വിലയും അവർ തന്നെ നിശ്ചയിക്കും. അടിസ്ഥാനവിലയും ലാഭവും നിർമ്മിക്കുന്നവർക്ക് കിട്ടും
3.ആദ്യഘട്ടത്തിൽ അഞ്ഞൂറോളം ഉത്പന്നങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തുക. രാജ്യത്തെ വൻകിട കോർപ്പറേറ്റ് കമ്പനികൾ, സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവരിലേക്ക് ഉത്പന്നം എത്തിക്കും
പോക്കറ്റ് മാർട്ട്
കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷനാണ് പോക്കറ്റ് മാർട്ട്. ആവശ്യക്കാർക്ക് എളുപ്പത്തിൽ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വാങ്ങാനും സേവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും ആപ്പിലൂടെ കഴിയും. പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |