തൃശൂർ: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട കേസിൽ പൊലീസ് അന്വേഷണത്തിൽ സങ്കീർണതകളേറെ. 2021ലും 2024ലുമാണ് കമിതാക്കളായ അനീഷയ്ക്കും ഭവിനും രണ്ട് കുട്ടികൾ പിറന്നത്. രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായി തൃശൂർ റൂറൽ എസ്.പി: ബി. കൃഷ്ണകുമാർ കേരളകൗമുദിയോട് പറഞ്ഞു. കൃത്യമായ സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവും ശാസ്ത്രീയ പരിശോധനയിലൂടെയും മാത്രമേ തെളിയിക്കാനാകൂ. ഇതിനായി പ്രതികളായ മാതാപിതാക്കളുടെ ഡി.എൻ.എ പരിശോധന വേണ്ടിവരുമെന്നും റൂറൽ എസ്.പി വിശദീകരിച്ചു. ഫോറൻസിക് ലാബിലേക്ക് നവജാത ശിശുക്കളുടെ അസ്ഥി അയച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനിടെ കൊലപാതകത്തിന് ഭവിനും കൂട്ട് നിന്നതായാണ് പൊലീസ് പറയുന്നത്.
ഭവിനും അനീഷയും തമ്മിൽ തെറ്റിയപ്പോൾ തോന്നിയ വൈരാഗ്യം മൂലമാണ് ശനിയാഴ്ച അർദ്ധരാത്രി പുതുക്കാട് സ്റ്റേഷനിലെത്തി മദ്യലഹരിയിൽ കാര്യങ്ങൾ പറഞ്ഞതത്രേ.
രണ്ട് കുട്ടികളെയും മറവ് ചെയ്യാൻ അനീഷയ്ക്ക് ഭവിന്റെ സഹായം ലഭിച്ചിരുന്നു. കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ പുറത്തറിയിക്കാതിരുന്ന ഭവിൻ, അനിഷയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്.
അയൽവാസിയുടെ വെളിപ്പെടുത്തൽ നിർണായകം
പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നാണ് അയൽവാസി ഗിരിജയുടെ വെളിപ്പെടുത്തൽ. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ച സമയത്തായിരുന്നു ഈ സംഭവമെന്നാണ് കരുതുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും ഗിരിജ കണ്ടത്രേ. ഇക്കാര്യം നാട്ടിൽ പറഞ്ഞ് പരത്തിയെന്ന് കാട്ടി അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകി. വെള്ളിക്കുളങ്ങര പൊലീസ് ഗിരിജയെ വിളിപ്പിച്ചപ്പോൾ താനല്ല പറഞ്ഞതെന്ന് അറിയിച്ചതോടെ വിട്ടയച്ചെന്നാണ് വിവരം.
ഇനി ഇതുപോലെയുണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്.പി ബി.കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |