തൃശൂർ: ദൃശ്യ ശ്രവ്യ വിസ്മയമായി തൃശൂരിലെ കൈരളി ശ്രീ തിയേറ്റർ നാളെ മിഴി തുറക്കും. 16 കോടി ചെലവഴിച്ച് പുതുക്കിപ്പണിത തിയേറ്ററിൽ ബാർക്കോ കമ്പനിയുടെ ആർ.ജി.ബി 4കെ ലേസർ പ്രൊജക്ടറും ഹാർക്‌നെസിന്റെ ഹ്യൂഗോ സിൽവർ സ്‌ക്രീനുമാണ് വിസ്മയം തീർക്കുക. ക്യൂബ് സിനിമാ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡോൾബി 336 ചാനലോട് കൂടിയ അറ്റ്‌മോസ് സംവിധാനം മികച്ച ശ്രവ്യാനുഭവവും സമ്മാനിക്കും.
കൈരളിയിൽ ബാൽക്കണി ഉൾപ്പെടെ 519 സീറ്റുകളുണ്ട്. ബാൽക്കണിയിൽ മാത്രം 33 പ്ലാറ്റിനം സോഫ സീറ്റുകളാണുള്ളത്. ശ്രീ തിയേറ്ററിൽ ബാൽക്കണിയിലെ 36 പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 327 സീറ്റുണ്ട്. ഇരുതിയേറ്ററുകളിലുമായി 800ലേറെ പ്രേക്ഷകരെ ഉൾക്കൊള്ളാനാകും. മികച്ച ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബേബി ഫീഡിംഗ് റൂമുകൾ, ലിഫ്ട്, കഫ്റ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്‌ലെറ്റുകൾ, പാർക്കിംഗ് എന്നീ സൗകര്യങ്ങളുമുണ്ടാകും. ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. കെ.എസ്.എഫ്.ഡി.സി ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്റെ നേതൃത്വത്തിലാണ് ആധുനികീകരണം പൂർത്തിയാക്കിയത്. ജാവേരി ആൻഡ് ജാവേരി കമ്പനിയായിരുന്നു ഡിസൈൻ കൺസൾട്ടന്റ്. സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു നിർമ്മാണക്കരാർ. വാസ്തുവിദ്യാഗുരുകുലമാണ് ചുവർ ചിത്രങ്ങളാൽ തിയറ്ററുകൾ മനോഹരമാക്കിയത്.
ഉദ്ഘാടനം നാളെ
തിയേറ്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. മന്ത്രി ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എം.എൽ.എ,കെ. രാധാകൃഷ്ണൻ എം.പി, മേയർ എം.കെ. വർഗീസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡേ, ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ,ഷെറിൻ ഗോവിന്ദ്, കെ. രവീന്ദ്രൻ, പ്രൊഫ. കെ. സച്ചിദാനന്ദൻ, മട്ടന്നൂർ ശങ്കരൻകുട്ടി, മുരളി ചീരോത്ത് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംവിധായകൻ എം.എ. നിഷാദ്, മെൽവിൻ മാത്യു, രാധാകൃഷ്ണൻ, ജി. വിദ്യ, അർച്ചന പ്രഭ എന്നിവരും പങ്കെടുത്തു.
തുടരും ആദ്യ പ്രദർശനം
നാളെ രാവിലെ ഉദ്ഘാടനശേഷം വൈകിട്ട് ആറിന് ഫസ്റ്റ് ഷോ ആയി 'തുടരും' സിനിമ പ്രദർശിപ്പിക്കും. ഈ പ്രദർശനം സൗജന്യമായി കാണാം. എന്നാൽ ജൂലായ് നാല് മുതൽ മാത്രമേ പ്രദർശനങ്ങൾ ആരംഭിക്കൂ. ധീരൻ, ജുറാസിക് വേൾഡ് റീ ബെർത്ത്, സിതാരെ സമീൻ പർ എന്നീ സിനിമകളാകും ജൂലായ് നാല് മുതൽ പ്രദർശനം നടത്തുക.
ടിക്കറ്റ് നിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |