കൊച്ചി: ഇത് തണുത്ത കുൽഫി അല്ല. നല്ല ചൂടുള്ളത്. വഴിയോര രുചി വൈവിദ്ധ്യങ്ങളിൽ 'ചൂടൻ കുൽഫി" വിളമ്പി വ്യത്യസ്തത തീർക്കുകയാണ് മുത്തശ്ശിയും കൊച്ചുമകളും. ചിക്കൻ, എഗ്ഗ് കുൽഫികളാണ് ഇവരുടെ പ്രത്യേകത. തൃപ്പൂണിത്തുറ- വൈക്കം റോഡിലെ തെക്കുംഭാഗത്തെ എം.എം കുൽഫി സ്പോട്ടിലേക്ക് ഇപ്പോൾ ഭക്ഷണപ്രിയരുടെ ഒഴുക്കാണ്. വൈകിട്ട് 5.30 മുതൽ 10.30 വരെയാണ് പ്രവർത്തനം.
ഒരു മാസം മുമ്പാണ് തൃപ്പൂണിത്തുറ ചൂരക്കാട് ലക്ഷ്മിവിലാസിൽ മായയും (62) കൊച്ചുമകൾ കോളേജ് വിദ്യാർത്ഥി മീനാക്ഷിയും (22) കുൽഫിക്കട തുറന്നത്. ഇപ്പോൾ ദിവസം ലഭിക്കുന്ന വരുമാനം 2000 രൂപവരെ. എഗ്ഗ് കുൽഫിക്ക് 40 രൂപ, ചിക്കന് 60.
നാടകകലാകാരനായിരുന്ന ഭർത്താവ് ഭാസഭേരി മുരളീദാസിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത മറികടക്കാനാണ് മായ ചെറുസംരംഭത്തെക്കുറിച്ച് ആലോചിച്ചത്. കോയമ്പത്തൂരിൽ കണ്ട എഗ്ഗ് കുൽഫിക്കട മനസിൽവന്നു. മകളുടെ മകളായ മീനാക്ഷി കട്ടസപ്പോർട്ട് നൽകി. കോയമ്പത്തൂരിലെ സംരംഭകരിൽ നിന്ന് അറിവുകൾ നേടി. പുറത്തുനിന്ന് കുൽഫി മെഷീൻ വരുത്തി. എഗ്ഗ് കുൽഫിയിലാണ് തുടക്കം. അപൂർവ രുചിക്കൂട്ടുകളോടെ പിന്നീട് ചിക്കനും. മെഷീന് 25,000 രൂപയായി. കടയുടെ മുതൽമുടക്ക് 75,000 രൂപ.
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ഇൻഡസ്ട്രിയൽ ഫിഷറീസ് ബിരുദ വിദ്യാർത്ഥിയാണ് മീനാക്ഷി. ഇളയവരായ അശ്വതും ശ്രീരാഗും കടയിൽ സഹായത്തിനുണ്ട്. മീനാക്ഷിയുടെ അച്ഛൻ ഷൈജു കാർപെന്ററാണ്. അമ്മ ബിന്ദു കൺസ്ട്രക്ഷൻ കമ്പനിയിലും.
രണ്ടു മിനിട്ടിൽ റെഡി
കുൽഫിമെഷീൻ ഗ്യാസിലാണ് പ്രവർത്തിക്കുക. പ്രതലത്തിൽ 10 കുഴലുകളുണ്ട്. എഗ്ഗ് കുൽഫിയാണെങ്കിൽ എണ്ണതളിച്ച് രണ്ട് മുട്ടയൊഴിക്കും. ചിക്കനാണെങ്കിൽ വേവിച്ച് ഉടച്ചുവച്ചത് അതിലേക്കിടും. രണ്ടു മിനിട്ടിനകം വെന്ത് കുഴൽരൂപത്തിൽ പൊന്തിവരും. ഇത് കൂർത്ത സ്റ്റിക്കിൽ കോർത്തെടുക്കും. വീട്ടിൽ തയ്യാറാക്കിയ മസാല ചേർത്താണ് ചിക്കൻകുൽഫി ഉണ്ടാക്കുന്നത്.
കുൽഫി
ഐസ്ക്രീമുമായി സാമ്യമുള്ളത്. പാലിൽനിന്നുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട്. കൂടുതൽ കൊഴുപ്പുമുള്ളതും ക്രീമിയും. ഐസ്ക്രീംപോലെ പെട്ടെന്ന് ഉരുകിയൊലിച്ചുപോവില്ല. കാഴ്ചയിൽ ഇതേരൂപമാണെങ്കിലും വ്യത്യസ്തമാണ് ചൂടുള്ള കുൽഫി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |