കോട്ടയം: ഈരാട്ടുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്നെന്ന് വിവരം. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു എസ് നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരെയാണ് ഇന്ന് പുലർച്ചെ വാടക വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘത്തിലുളളവർ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദ്ദിച്ചെന്നുമാണ് വിവരം.
ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നുണ്ട്. കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് കൊവിഡിന് ശേഷമാണ് സാമ്പത്തിക ബാദ്ധ്യതയുണ്ടായത്. ഇതിനിടയിലാണ് ഇരുവരും ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെടുന്നത്. ഇരുവരും പലിശ നൽകുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചില യുവാക്കൾ ഇന്നലെ ഇവരുടെ വീട്ടിലെത്തി ഭീഷണി ഉയർത്തിയത്.
യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. കുടുംബത്തിന്റെ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വാടക വീട്ടിലെ സിസിടിവിയും പൊലീസ് പരിശോധിക്കും. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം.മരുന്ന് കുത്തിവച്ചാണ് വിഷ്ണുവും രശ്മിയും മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആറ് മാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |