കൊച്ചി : ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ പ്രതി എം.എൻ. നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. കേസിലെ മറ്റൊരു പ്രതി ലിവിയക്കൊപ്പം നാരായണ ദാസിനെ ഒരുമിച്ച് ചോദ്യം ചെയ്യും.
ബംഗളുരുവിൽ നിന്ന് പിടിയിലായ നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന് നേരത്തെ തൃശൂർ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ തീരുമാനം. ഷീല സണ്ണിയുടെ മകന്റെ ഭാര്യാ സഹോദരിയായ ലിവിയ ദുബായിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മുംബയിൽ വച്ച് അറസ്റ്റിലായിരുന്നു. തന്നെ ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ൽീലാ സണ്ണി പറഞ്ഞുനടന്നുവെന്നും ഇതിന്റെ പക വീട്ടാനാണ് അവരുടെ വാഹനത്തിൽ എൽ.എസ്.ഡി സ്റ്റാമ്പ് വച്ചതെന്നുമാണ് ലിവിയയുടെ മൊഴി. ലിവിയ പറഞ്ഞതിൻ പ്രകാരം ഷീല സണ്ണിയുടെ പക്കൽ ലഹരി മരുന്നുണ്ടെന്ന് അറിയിച്ചത് നാരായണ ദാസാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ബംഗളുരുവിൽ വച്ചാണ് നാരായണ ദാസും ലിവിയയും പരിചയപ്പെടുന്നത്. നാരായണ ദാസിനെ കൊണ്ട് ആഫ്രിക്കൻ വംശജനിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പ് വാങ്ങിപ്പിച്ചതും ലിവിയയാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ദുബായിലേക്ക് കടന്ന ലിവിയക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനാൽ തിരിച്ചെത്തുകയായിരുന്നു.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണി അറസ്റ്റിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞെങ്കിലും ചെയ്യാത്ത കുറ്രത്തിന് 72 ദിവസം ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |