കൊട്ടിയൂർ: ദേവീദേവന്മാരുടെ തിടമ്പേറ്റി ദേവസ്ഥാനത്തെ വലംവെച്ചിരുന്ന ആനകളും ശീവേലിക്ക് മാറ്റുകൂട്ടിയിരുന്ന വാദ്യഘോഷങ്ങും അക്കരെ സന്നിധാനത്ത് നിന്ന് വിടവാങ്ങി. മകം നാളിലെ ഉച്ചശീവേലി പൂർത്തിയാകുന്നതിന് മുൻപേ സ്ത്രീകളും അക്കരെ സന്നിധാനത്തു നിന്ന് പിൻവാങ്ങി. ഇതോടെ ഈ വർഷം അക്കരെ കൊട്ടിയൂരിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അവസാനിച്ചു.
ഉച്ചശീവേലിക്ക് ശേഷം ആനകൾക്ക് അവകാശികളും സ്ഥാനികരും ആചാര്യന്മാരും അടിയന്തര യോഗക്കാരും പ്രസാദമായി ചോറ് ഉരുളകളാക്കിയതും പഴങ്ങളും ശർക്കരയും നൽകി ആന ഊട്ട് നടത്തി.തുടർന്ന് രണ്ട് ആനകളും ആദ്യം കിഴക്കേ നടയിലും, അമ്മാറക്കൽ തറയിലും പിന്നീട് പടിഞ്ഞാറേ നടയിൽ പെരുമാളെയും നമസ്കരിച്ചു. തുടർന്ന് ആനകൾ പിറകോട്ട് നടന്ന് ഇടബാവലിയിലിറങ്ങി അക്കരെക്ഷേത്ര സന്നിധിയിൽ നിന്ന് വിടവാങ്ങി.
നല്ലൂരാനും സംഘവും അക്കരെ സന്നിധാനത്തിൽ
അക്കരെ കൊട്ടിയൂരിൽ ഇനി ഗൂഢപൂജയുടെ നാളുകളാണ്. ഇന്നലെ സന്ധ്യയ്ക്ക് കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും കലംപൂജയ്ക്കുള്ള മൺകലങ്ങളുമായി അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു.ഉച്ചയോടെയാണ് നല്ലൂരാനും സംഘവും മുഴക്കുന്നിൽ നിന്നും പുറപ്പെട്ടത്.
സന്ധ്യയ്ക്ക് നല്ലൂരാനും സംഘവും കൊട്ടിയൂരിൽ ഗണപതിപുറത്തെത്തി. രാത്രിയായപ്പോൾ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ വിളക്കുകൾ അണച്ചു.മണിത്തറയിലെയും മറ്റിടങ്ങളിലെയും കെടാവിളക്കുകൾ ഒഴികെ ബാക്കി എല്ലാ വിളക്കുകളും അണച്ച് കലം വരവിനായി കാത്തു നിന്നു. അക്കരെ സന്നിധാനത്തിൽ ഉള്ളവർ എല്ലാം കൈയാലകൾക്കുള്ളിൽ കയറി കതകുകളടച്ച് നിശ്ശബ്ദരായിരുന്നു.നല്ലൂരാനും സംഘവും കലങ്ങൾ സമർപ്പിച്ച് തന്ത്രിയുമായി മുഖാമുഖം ദർശിക്കാതെ പ്രസാദവും വാങ്ങി മണിത്തറയിൽ നിന്നു മടങ്ങി. ഇവർ കൊണ്ടുവന്ന കലങ്ങൾ തിരുനടയിൽ സമർപ്പിച്ചതോടെ താന്ത്രിക വിധി പ്രകാരമുള്ള നിഗൂഢ പൂജാ ദിനങ്ങൾ ആരംഭിച്ചു.കലം പൂജകൾക്ക് ഇന്നലെ രാത്രിയിൽ തുടക്കമായി.
കലംപൂജകൾ ഇന്നും നാളെയും തുടരും.വ്യാഴാഴ്ച അത്തം നാളിൽ അവസാനത്തെ വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടത്തും. അന്ന് രാത്രി കലശപൂജ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |