പാലക്കാട്: നഗരസഭ സ്റ്റേഡിയം സ്റ്റാൻഡിലെ പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. യാർഡ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ബസുകൾ നിറുത്തുന്നതിനുള്ള ട്രാക്കുകൾ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നേരത്തെ തന്നെ മണ്ണിട്ട് നികത്തിയിരുന്നു. അതിന് മുകളിൽ മെറ്റൽ വിരിക്കുന്ന പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്. ഇനി ഇവിടം ടാറിംഗ് നടത്തണം. ബസുകൾ നിറുത്തുന്നതിനുള്ള ടെർമിനലിന്റെ പണികൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ബസ് ടെർമിനൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. പുതിയ ടെർമിനലിനു മുന്നിൽ അഴുക്കുചാലുകൾ നിർമ്മിച്ചിട്ടുണ്ട്. ഒരേസമയം ഇരുപതോളം ബസുകൾ നിറുത്തിയിടാനുള്ള സൗകര്യമാണ് പുതിയ ബസ് ടെർമിനലിലുള്ളത്. ടെർമിനലിൽ കടമുറികളും സ്ത്രീകൾക്കും പുരുഷന്മാർക്കുള്ള ശൗചാലയങ്ങളുമുണ്ട്. യാത്രക്കാർ നടക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് മുകളിൽ ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. ടെർമിനലിലേക്ക് ബസുകൾ പ്രവേശിക്കുന്നതിനായി മുൻവശത്തെ മതിലുകളും നേരത്തെ പൊളിച്ചു മാറ്റിയിരുന്നു. ടെർമിനൽ നിർമ്മാണം പൂർത്തിയായാൽ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും സ്റ്റേഡിയം സ്റ്റാൻഡ് വഴി സർവീസ് നടത്തുന്ന ബസുകളും മലമ്പുഴ റെയിൽവേ കോളനി കൊട്ടേക്കാട് ബസുകളുമെല്ലാം പുതിയ ടെർമിനലിലൂടെ കയറിയിറങ്ങണം. ഇതിന് പുറമേ സ്റ്റേഡിയം സ്റ്റാൻഡിലെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പിൻവശത്ത് നിന്നും സർവീസ് നടത്തുന്ന ബസുകളും പുതിയ ടെർമിനലിലേക്ക് മാറ്റിയേക്കും. യാത്രക്കാരുടെ സൗകര്യത്തിനായി സ്റ്റാൻഡിന്റെ വടക്കുവശത്ത് പുതിയ കംഫർട്ട്‌സ്റ്റേഷന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
2019-ലാണ്‌സ്റ്റേഡിയം ബസ് സ്റ്റാൻഡ് ടെർമിനലിന്റെ പണികൾ തുടങ്ങിയത്. 2020 മാർച്ചോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് കാരണം പ്രവർത്തികൾ നീണ്ടു. പിന്നീട് 2021 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് അറിയിച്ചെങ്കിലും പലകാരണങ്ങളാൽ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. നഗരവികസനത്തിന് തന്നെ നാഴികക്കല്ലായി മാറുന്ന സ്റ്റേഡിയം ബസ് സ്റ്റാൻഡ് പുതിയ ടെർമിനൽ ഓണത്തിന് മുന്നേ തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം തുടങ്ങി അഞ്ചു വർഷങ്ങൾക്കിപ്പുറം സ്റ്റേഡിയം ബസ് ടെർമിനൽ യാത്രക്കാരെ വരവേൽക്കാനൊരുങ്ങുമ്പോൾ യാത്രക്കാരും വ്യാപാരികളുമെല്ലാം പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |