അമ്പലപ്പുഴ : സാധാരണക്കാരുടെയും നിർദ്ധനരുടെയും ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നു. ഗ്യാസ്ട്രോ,ന്യൂറോ,മെഡിസിൻ,റേഡിയോളജി, സർജറി, ഓർത്തോ,യൂറോളജി,ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ട്. ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ട രോഗികളിൽ പലരും ആറുമാസമായി കാത്തിരിപ്പിലാണ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രധാന പ്രശ്നം.
ജനറൽ സർജറി വിഭാഗത്തിൽ 18 ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് ഒമ്പത് പേർ.റേഡിയോളജി വിഭാഗത്തിൽ ഒമ്പതും ജനറൽ മെഡിസിനിൽ ആറും ഒഴിവുകൾ നികത്താനുണ്ട്. ഉദരരോഗ വിഭാഗത്തിൽ സ്ഥിരം ഡോക്ടർ ഇല്ല.വർക്കിംഗ് അറേഞ്ച്മെന്റിൽ ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്ത് നിന്ന്
ഡോക്ടർ എത്തുന്നതാണ് ഏക ആശ്വാസം.സർജറി വിഭാഗത്തിൽ 16 അസി.പ്രൊഫസർമാർ വേണ്ടിടത്ത് പതിനൊന്നണ്ണവും ഒഴിഞ്ഞുകിടപ്പാണ്. റോഡിയോളജി വിഭാഗത്തിൽ 13 തസ്‌തികകളിൽ നാലുപേർ മാത്രമാണുള്ളത്. ആഴ്ചയിൽ എട്ട് ബൈപ്പാസ് സർജറി വരെ നടന്നിരുന്ന സ്ഥാനത്ത് നിലവിൽ രണ്ടെണ്ണം മാത്രമാണ് നടക്കുന്നത്.
ഡോക്ടർമാരും ജീവനക്കാരും അപര്യാപ്‌തം
1.സ്വകാര്യ ആശുപത്രികളിൽ സർജറി ചെയ്യാൻ നിവൃത്തിയില്ലാത്ത സാധാരണക്കാർ എം.ആർ.ഐ ,സി.ടി കോൺട്രാസ്റ്റ് എന്നിവയുടെ റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ചവരെ കാത്തിരിക്കണം. റേഡിയോളജി വിഭാഗത്തിലെ ഒഴിവുകൾ നികത്തിയില്ലെങ്കിൽ പി.ജി അംഗീകാരം വരെ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്
2.എക്സ്-റേ വിഭാഗത്തിൽ ഉച്ചവരെ മാത്രമാണ് പി.എസ്.സി സ്റ്റാഫിന്റെ സേവനം. അതുകഴിഞ്ഞാൽ ട്രെയ്‌നികളും താത്കാലിക ജീവനക്കാരുമാണ്
ഇവിടെയുള്ളത്. അത്യാഹിത വിഭാഗത്തിൽ മിക്ക സമയങ്ങളിലും പ്രധാന ഡോക്ടർമാരില്ലെന്ന പരാതിയും ശക്തമാണ്
3.പേ വാർഡില്ലാത്ത ഏക ആതുരാലയമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. ലിഫ്റ്റുകൾ കേടാകുന്നത് നിത്യസംഭവമാണ്. ആശുപത്രിയിലെ ലാൻഡ് ഫോൺ തകരാറിലായിട്ട് വർഷങ്ങളായി. ഫാർമസിയിൽ പല മരുന്നുകളും ഇല്ലെന്നതും രോഗികളെ വലയ്ക്കുന്നുണ്ട്
ഡോക്ടർമാരുടെയും നഴ്സുമാരുടേയും കുറവ് പരിഹരിക്കണം. വാർഡുകളിൽ സീപാപ്പ് ,ബൈപാപ് മെഷീനുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ ഐ.സിയുവിൽ ബെഡില്ലെന്ന പ്രശ്നം പരിഹരിക്കാൻ കഴിയും
-യു.എം.കബീർ, ആശുപത്രി വികസന സമിതി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |