ആലപ്പുഴ : പതിവിലും ഒരാഴ്ച മുമ്പേ എത്തുകയും ഇടതടവില്ലാതെ തുടരുകയും ചെയ്യുന്ന കാലവർഷം കുട്ടനാട്ടിലെ വിതയുൾപ്പെടെ കൃഷിപ്പണികളുടെയാകെ താളംതെറ്റിച്ചു. മേയ് അവസാനവാരം തന്നെ ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വെള്ളപ്പൊക്കകെടുതിൽ അകപ്പെടുത്തിയതാണ് കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിത അനിശ്ചിതമായി നീളാൻ ഇടയാക്കിയത്.
ജൂൺ ആദ്യവാരത്തിൽ നടക്കേണ്ട വിത ജൂലായ് പകുതിയിലേക്ക് നീളുമ്പോൾ വിളവെടുപ്പ് മാത്രമല്ല ഇരുപ്പൂകൃഷി നടക്കുന്ന പാടങ്ങളിലെ വരുന്ന സീസണിലെ പുഞ്ചകൃഷിയ്ക്കും വിനയാകും. പാട്ടത്തിനും അല്ലാതെയും കുട്ടനാട്ടിൽ കർഷകർ നെൽകൃഷിയ്ക്ക് തയ്യാറാകുന്നതിനാലാണ് പുറംബണ്ടുകളുടെ സംരക്ഷണത്തിലൂടെ വെള്ളപ്പൊക്കമുൾപ്പെടെയുള്ള കെടുതികൾ കുട്ടനാട്ടിൽ കുറച്ചെങ്കിലും ഒഴിഞ്ഞുനിൽക്കുന്നത്. കൃഷി താളംതെറ്റുമ്പോൾ ഉത്പാദന തകർച്ചയ്ക്കൊപ്പം കുട്ടനാടെന്ന ഭൂപ്രദേശത്തിന്റെ നാശത്തിനും വഴിവയ്ക്കും.
ജില്ലയിലെ പച്ചക്കറി ഉത്പാദനകേന്ദ്രങ്ങളായ കഞ്ഞിക്കുഴി, താമരക്കുളം, ചാരുംമൂട്, വെൺമണി, നൂറനാട് മേഖലകളിലെ ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറികൃഷിയ്ക്കും മഴ വിനയായി. കാട്ടുപന്നി ശല്യം കാരണം കിഴക്കൻ മേഖലയിൽ കർഷകർ കൃഷിയിൽ നിന്ന് പിൻമാറിക്കൊണ്ടിരിക്കെ തുടർച്ചയായുണ്ടായ മഴയും കൃഷിയ്ക്ക് തടസമായത് വലിയ ഉൽപ്പാദന തകർച്ചയ്ക്കാകും കാരണമാകുക. ഓണത്തിനുള്ള ഏത്തവാഴ , ഇഞ്ചി കൃഷി എന്നിവയ്ക്കും മഴ ഭീഷണിയാണ്. ജില്ലയുടെ തെക്ക് കിഴക്കൻ അതിർത്തിയിലെ വെറ്റില കൃഷി മഴയിലും കാറ്റിലും പൂർണമായും നശിച്ചു.
കുട്ടനാട്ടിലെ വിതയും പച്ചക്കറികൃഷിയും മുടങ്ങി
1. ഓണത്തിന് വിഷരഹിത പച്ചക്കറിയെന്ന ആശയത്തോടെ നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയ്ക്കും മഴ വിനയാകും
2. പച്ചക്കറികൃഷിയ്ക്കുള്ള തൈകളും വിത്തുകളും കൃഷി ഭവനുകൾ മുഖേന വിതരണം ചെയ്തുവരുന്നെങ്കിലും ഇടവിട്ട് പെയ്യുന്ന മഴയിൽ തൈകൾ നശിച്ചുപോയി
3. ഓണപ്പൂക്കളങ്ങൾക്കുള്ള ബന്തി , ചെണ്ടുമല്ലി കൃഷികളെയും ഇടതടവില്ലാതെ പെയ്യുന്ന അതിശക്തമായ മഴ കാര്യമായി ബാധിച്ചു
4. കനത്തമഴയിലും കാറ്റിലും തൈകൾ ശക്തമായ മഴയിൽ ഒടിഞ്ഞുവീഴുകയും വേരഴുകുകയും ചെയ്യുന്നതാണ് പ്രശ്നം.
കുട്ടനാട്ടിലെ വിത വൈകുന്നതിനൊപ്പം ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷികളെയും ഏത്തവാഴ കൃഷിയെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
- അസി. ഡയറക്ടർ, കൃഷിവകുപ്പ് , ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |