കൊച്ചി: നുരഞ്ഞുപൊങ്ങുന്ന സന്തോഷങ്ങളുടെ ലോകത്ത് അനിൽകുമാറിന് 30 വർഷത്തെ ഓർമ്മകൾ സമ്മാനിക്കുകയാണ് കീശയിൽ നിധിപോലെ സൂക്ഷിക്കുന്ന ഓപ്പണർ. ബാർ ഹോട്ടലിൽ ഇതുകൊണ്ടു തുറന്ന കുപ്പികൾക്കു കണക്കില്ലെങ്കിലും ഊട്ടിയുറപ്പിച്ച ബന്ധങ്ങൾക്ക് കൃത്യമായ കണക്കുണ്ട്.
18-ാം വയസിൽ ബാർ ഹോട്ടലിൽ വെയിറ്ററായി ജോലിക്ക് കയറിയപ്പോൾ ലഭിച്ച ബോട്ടിൽ ഓപ്പണർ നിധിപോലെ സൂക്ഷിക്കുകയാണ് പന്തളം പൂഴിക്കാട് സ്വദേശിയായ 55കാരൻ. നിരവധി ബാർ ഹോട്ടലുകളിൽ ബാർമാനായി ജോലി ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞൻ ഓപ്പണറെ കൈയൊഴിഞ്ഞില്ല.
പന്തളം ഷൈൻ ബാർ ഹോട്ടലിൽ വെയിറ്ററായി ജോലി തുടങ്ങിയ ആദ്യദിവസം ഉടമ കൈയിൽ വച്ചുകൊടുത്തതാണ് ഓപ്പണർ. സോഡ പൊട്ടിച്ചായിരുന്നു ഉദ്ഘാടനം. പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി. ഇടയ്‌ക്ക് ബാറിലെ ജോലി താത്കാലികമായി വിട്ടപ്പോൾ വീട്ടിൽ ഭദ്രമായി സൂഷിച്ചു. തുരുമ്പിക്കാതിരിക്കാൻ ഓപ്പണറിൽ നാരങ്ങ നീരും മണ്ണെണ്ണയും പുരട്ടും.
നാട്ടിൽ ടൈൽസ് വർക്കും മറ്റുമായി കുറച്ചുവർഷം ജീവിതം മുന്നോട്ടുരുട്ടി. പിന്നീട് ഡ്രൈവറായി ദുബായിലേക്ക്. 17 വർഷത്തെ പ്രവാസജീവിതത്തിനിടെ നാട്ടിലെത്തുന്ന സമയങ്ങളിൽ ബാറുകളിൽ വെയിറ്ററായി കയറും. അപ്പോൾ നിധിപോലെ സൂക്ഷിച്ചിട്ടുള്ള ഓപ്പണർ എടുക്കും.
ഒന്നര വർഷം മുമ്പ് ദുബായ് വിട്ട് എറണാകുളം എം.ജി റോഡിലെ പോളക്കുളം റീജൻസിലെ വെയിറ്ററായി കയറി. ഭാര്യ സിന്ധുവിന് മാത്രമേ 'ഓപ്പണർ" കൂട്ടുകെട്ട് അറിയാമായിരുന്നുള്ളൂ. മക്കൾ: സൂര്യനാരായണൻ, സാന്ദ്രാ നാരായണൻ.
പണ്ട് ബാറുകളിൽ ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഉടമയോ ബാർമാനോ ഓപ്പണർ നൽകുന്ന പതിവുണ്ട്. വിൽസൺ 500 എന്ന് പേരുപതിച്ച ഓപ്പണർ അങ്ങനെയാണ് ലഭിച്ചത്. 30വർഷമായി ഈ ഓപ്പണർ കൈയ്യിലുണ്ട്. നിധിപോലെയാണ് സൂക്ഷിക്കുന്നത്
ജി. അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |