കൊച്ചി/തിരുവനന്തപുരം: കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും 'ജാനകി' എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി. 'ജാനകി' എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു.
അതേസമയം, സെൻസർബോർഡിന്റെ നിലപാടിലും നടപടിയിലും പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സംവിധായകർ അടക്കമുള്ള സിനിമാ പ്രവർത്തകരുടെ പ്രതിഷേധം. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ കത്രിക ചവറ്റുകുട്ടയിൽ എറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്. ഫെഫ്ക, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് പ്രതിഷേധിച്ചത്.
'ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള" (ജെ.എസ്.കെ) എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പുനഃപരിശോധനാ സമിതിയും മാറ്റങ്ങൾ നിർദ്ദേശിച്ച പശ്ചാത്തലത്തിലാണിത്.
ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമാ സർട്ടിഫിക്കേഷൻ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. ഇന്ത്യയിൽ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.
ജാനകി പോരാടി
ജയിച്ച നായിക
മാനഭംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേരെന്നും ഇത് സംസ്കാരത്തിന് എതിരാണെന്നും സെൻസർ ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന ചൂണ്ടിക്കാട്ടി. ജാനകി കുറ്റം ചെയ്തയാളല്ലല്ലോ ഇരയല്ലേയെന്നും പോരാടി ജയിച്ച നായികയല്ലേയെന്നും കോടതി ആരാഞ്ഞു.
സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് തേടി നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയിൻമെന്റ്സ് നൽകിയ ഹർജി നാളെ വീണ്ടും പരിഗണിക്കും.
പേര് മൂന്നുമാസംമുമ്പ് അംഗീകരിച്ചിരുന്നതാണെന്നും അടുത്തിടെ 'ജാനകി ജാനേ' എന്ന സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും നിർമ്മാതാക്കൾക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാൻ എം.പി വാദിച്ചു. നീതിക്കുവേണ്ടി പോരാടുന്ന അതിജീവിതയാണ് ജാനകിയെന്ന് വിശദീകരിച്ചു. സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ' റിലീസ് നീളുകയാണ്. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |