അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ് ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം.
ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ...5
കഴിഞ്ഞ ദിവസം മേഘാലയ സർക്കാർ ആ സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കായി 39 കോടി രൂപ അനുവദിച്ചു. 2027ൽ തങ്ങൾ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ദേശീയ ഗെയിംസിനുള്ള സ്റ്റേറ്റ് ടീമുകളുടെ തയ്യാറെടു പ്പിനുള്ള തുകയുടെ ആദ്യ ഗഡുവായിരുന്നു ഇത്. ദേശീയ കായികരംഗത്ത് മേഘാലയയ്ക്ക് വലിയ സ്ഥാനമൊന്നുമില്ല. എങ്കിലും ദേശീയ ഗെയിംസ് സ്വന്തം നാട്ടിലെത്തുമ്പോൾ മാന്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനായുളള പ്രവർത്തനങ്ങൾ ഇപ്പോഴേ തുടങ്ങിയിരിക്കുന്നു.
ആ സ്ഥാനത്ത് നമ്മളോ?. ഈ വർഷം ആദ്യം ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിനുള്ള കേരളടീമിനുവേണ്ടി അനുവദിച്ച നാലരക്കോടി രൂപ ധനകാര്യവകുപ്പിൽ നിന്ന് നേടിയെടുക്കാൻ മാസങ്ങൾ വൈകി. സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൃത്യമായ രേഖകൾ സമർപ്പിച്ച് തുക നേടാൻ കഴിയാതെ വന്നതോടെ ടീമിന്റെ യാത്രയും പരിശീലനവും ഉൾപ്പടെയുള്ള കാര്യങ്ങളിൽ അമാന്തം ഉണ്ടായി. വലിയ വഴക്കും വിവാദവും വേണ്ടിവന്നു പണം കിട്ടാൻ. പല കായികഇനങ്ങളിലും പേരിനുവേണ്ടിയുള്ള പരിശീലനക്യാമ്പുകളാണ് നടന്നത്. അതിന്റെ ഫലം മെഡൽ നിലയിലും കണ്ടു. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനവുമായി 14-ാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. അത‌്ലറ്റിക്സിൽ അതിനുമുമ്പുനടന്ന ഗെയിംസിലെ പ്രകടനത്തിന് അയലത്തെത്താനായില്ല. ഒരു സീസൺമുമ്പു മാത്രം ദേശീയ ഗെയിംസിലുൾപ്പെടുത്തിയ കളരി ഇക്കുറി ഒഴിവാക്കിയതുകൊണ്ടാണ് കേരളം താഴെപ്പോയതെന്ന ഗംഭീര കണ്ടെത്തലുമായി കായിക മേലാളന്മാർ ദേശീയ ഗെയിംസിലെ നാണക്കേട് മറച്ചു.
വേണ്ടത്ര ആസൂത്രണമില്ലാതെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിന്റെ കായികമേഖലയെ തകർത്തുകളഞ്ഞത്. മുമ്പൊക്കെ അത്‌ലറ്റിക്സ് ഉൾപ്പടെയുള്ള ഇനങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് മുന്നോടിയായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമായിരുന്നു. ഇപ്പോൾ ക്യാമ്പുകൾ കേട്ടുകേൾവിയാണ്. സ്പോർട്സ് ഹോസ്റ്റലുകളിൽ നൽകുന്ന പരിശീലനത്തിന് കൗൺസിലിന് കീഴിലുള്ള പരിശീലകരെ വിന്യസിക്കുന്നതിൽ ഒരു ആസൂത്രണവുമില്ല. കുട്ടികൾ ഉള്ളിടത്ത് പരിശീലകരെ നൽകില്ല. പരിശീലകൻ ഉള്ളിടത്ത് കുട്ടികൾ ഉണ്ടാവില്ല. കുട്ടികളും പരിശീലകനും ഉണ്ടെങ്കിൽ ഗ്രൗണ്ട് കാണില്ല എന്നതാണ് സ്ഥിതി. പല മികച്ച പരിശീലകരും ഒന്നോ രണ്ടോ കുട്ടികളുമായി നല്ലൊരു ട്രാക്ക് പോലുമില്ലാത്തിടത്താണ് ജോലി നോക്കുന്നത്.
അത്‌ലറ്റിക്സിൽ കഴിഞ്ഞ കുറച്ചുകൊല്ലങ്ങൾ കൊണ്ടാണ് കേരളത്തിന്റെ പ്രകടനം ഇത്രയും മോശമായത്. അടിയന്തരമായി സർക്കാരും സ്പോർട്സ് കൗൺസിലുമൊക്കെ ഇടപെട്ടില്ലെങ്കിൽ ഇനിയും താഴേക്കുപോയി വട്ടപ്പൂജ്യമായി മാറും. നമ്മുടെ അടിത്തറയാണ് ഇളകിയിരിക്കുന്നത്. മച്ചിൻപുറത്തെ വെള്ളപൂശൽകൊണ്ടോ പഴയ പാരമ്പര്യം പറഞ്ഞിരിക്കുന്നതുകൊണ്ടോ കാര്യമുണ്ടാവില്ല. കുരുന്നുകായികപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്താലേ ഭാവിയിൽ കേരളം ട്രാക്കിലുണ്ടാകൂ. നമ്മൾ നന്നാവണമെങ്കിൽ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |