തിരുവനന്തപുരം: സുരേഷ് ഗോപി നായകനായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിലെ റീജിയണൽ സെൻസർ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധിച്ചു. കത്രികകൾ കുപ്പത്തൊട്ടിയിൽ ഇട്ടുകൊണ്ടായിരുന്നു സമരം.
കലാകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത എല്ലാ കത്രികകളും ചെന്നെത്താൻ പോകുന്ന സ്ഥലം കുപ്പത്തൊട്ടിയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 'സ്റ്റാർട്ട്, ആക്ഷൻ, നോ കട്ട്' എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞപ്പോൾ, മുൻനിരയിലുണ്ടായിരുന്നവർ കത്രികകൾ കുപ്പത്തൊട്ടിയിലിട്ടു.
സിനിമാ സംഘടനകളായ ഫെഫ്ക, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് പ്രതിഷേധിച്ചത്. ജാനകി എന്നു പേരുള്ള സിനിമകളുടെ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.
പ്രൊഡ്യൂസർ അസോസിയേഷനുവേണ്ടി എം. രഞ്ജിത്, 'അമ്മയ്ക്ക്‌വേണ്ടി അൻസിബ ഹസൻ, ജയൻചേർത്തല, സീരിയൽ സംഘടനയായ ആത്മയ്ക്കുവേണ്ടി പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംവിധായകരായ കമൽ, സിബിമലയിൽ, ഷാജി കൈലാസ് ,വിധു വിൻസെന്റ് ചലച്ചിത്ര പ്രവർത്തകരായ ഇൻന്ദ്രൻസ്, മണിയൻപിള്ള രാജു, ബാബുരാജ്, സരയൂ, ജയൻചേർത്തല,ടിനി ടോം, സോഹൻ സീനു, എസ്. കുമാർ, ബെന്നി പി. നായരമ്പലം, പി. ശ്രീകുമാർ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പിന്തുണ അറിയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഡി.വൈ.എഫ്.ഐ നേതാക്കളും എത്തി.
''ഇതു ജനാധിപത്യ വിരുദ്ധമാണ്. പേര് മുറിച്ചു മാറ്റുക എന്നത് അംഗീകരിക്കാൻ കഴിയില്ല.കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകൻ. അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ നിയമം. ശക്തമായ സമരം തുടരും.''
-എം.രഞ്ജിത്ത്,
നിർമ്മാതാവ്
''എന്റെപേരിൽ കൈലാസ് എന്ന് ഉള്ളതുകൊണ്ട് കട്ട് ചെയ്തു കളയേണ്ടി വരുമോ""
- ഷാജി കൈലാസ്,
സംവിധായകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |