തിരുവനന്തപുരം: ''മതി എന്റെ മക്കളേ, കയറി വാ നിങ്ങളീ, മതിവിഭ്രമത്തിൻ കയങ്ങളിൽ നിന്നുടൻ...'' സിരകളിൽ പടരുന്ന ലഹരി പെറ്റമ്മയുടെയും കൂടെപ്പിറപ്പുകളുടെയും ജീവനെടുക്കുന്നത് കണ്ട് മരവിച്ച മനസിൽ നിന്നടർന്ന വിലാപം. ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ.എസ്. ഗോപകുമാറിന്റെ കവിത ശ്രദ്ധേയമാകുന്നു.
ലഹരിമൂത്ത മക്കളുടെ പേക്കൂത്തിൽ നിസഹായരായിപ്പോകുന്ന അമ്മമാർക്കു വേണ്ടിയാണ് അദ്ധ്യാപകൻ കൂടിയായ ഗോപകുമാർ ഈ കവിത എഴുതിയത്. തിരുവനന്തപുരം, പരിയാരം ആയുർവേദ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഗോപകുമാർ.
ലഹരിയുടെ ദൂഷ്യവശങ്ങളും പരിഹാരമാർഗങ്ങളും കവിതയിലുണ്ട്. ലഹരിയെ ഒഴിവാക്കാനും ഹൃദയത്തിൽ സ്നേഹം നിറയ്ക്കാനും യുവതയോട് ആഹ്വാനം ചെയ്യുന്നു. ലഹരിക്ക് അടിമകളായവരെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഉപദേശിക്കുന്നു. അഞ്ജലി രഞ്ജിത്തിന്റെ ആലാപനത്തോടെയുള്ള കവിതയുടെ ദൃശ്യാവിഷ്കാരം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സ്നേഹമാണ്, ലഹരിയല്ല വേണ്ടതെന്ന് യുവതയെ ഓർമ്മപ്പെടുത്താനാണ് കവിതയിലൂടെ ശ്രമിച്ചതെന്ന് ഗോപകുമാർ പറയുന്നു.
1993ലും 94ലും കേരള സർവകലാശാല കലാപ്രതിഭയായിരുന്നു ഗോപകുമാർ. 1995ൽ കേരള സർവകലാശാലായുടെ കക്കാട് കവിത അവാർഡ് ലഭിച്ചു. അയ്യങ്കാളിയെക്കുറിച്ചുള്ള കവിതയും കൊവിഡ് പോരാളികളെ അഭിനന്ദിച്ചുള്ള 'നിൻപേര് കേരളം' എന്ന കവിതയും ശ്രദ്ധേയമായി. മികച്ച ആയുർവേദ അദ്ധ്യാപകനുള്ള കേന്ദ്ര, സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം ആദർശ് നഗറിൽ ശ്രീഭവനിലാണ് താമസം. ഭാര്യ വിനയ. മകൾ അമേയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |