കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്‌ടിച്ച കേസിൽ റയിൽവേ പൊലീസ് പിടകൂടി റിമാൻഡ് ചെയ്ത അസാം സ്വദേശി ജയിൽ ചാടി.
അസാമിലെ നെഗോൺ ജില്ലക്കാരനായ അമിനുൾ ഇസ്ലാം ( ബാബു,20) ആണ് ഇന്നലെ വൈകുന്നേരം മൂന്നോടെ ജില്ലാ ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടത്. ജില്ലാ ജയിലിനോട് ചേർന്നുള്ള വിജിലൻസ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ മതിൽ ചാടക്കടന്നാണ് അമിനുൾ ഇസ്ലാം രക്ഷപ്പെട്ടത്. മുണ്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള പരശുറാം എക്‌സ്പ്രസ്സിലേക്ക് ഇയാൾ ഓടി കയറി. ഈ സമയം പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർ.പി.എഫ് എസ്.ഐ കെ.ഐ ജോസ്,ആർ.പി.എഫ് എ.എസ്.ഐ ഗിരികുമാർ, ആർ.പി.എഫ് എച്ച്.സി ദിലീപ് കുമാർല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോട്ടയത്ത് എത്തിച്ച പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയയ്‌ക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |