ടെഹ്‌റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഫത്‌വ (മതശാസന) പുറപ്പെടുവിച്ച് ഇറാൻ. ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കളാണെന്നും ഇവർക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ഒന്നിക്കണമെന്നും ഉന്നത ഷിയാ പുരോഹിതനായ അയത്തൊള്ള നാസർ മകാരെം ഷിറാസി പുറപ്പെടുവിച്ച ഫത്‌വയിൽ ആഹ്വാനം ചെയ്തു.
'ഇറാൻ നേതൃത്വത്തിന് ഭീഷണി സൃഷ്ടിച്ചതിന് ഇരുവരെയും അധികാരത്തിൽ നിന്ന് താഴെയിറക്കണം. നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയേയും ഭരണകൂടത്തെയും മൊഹാരെബ് (ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നയാൾ) ആയി കണക്കാക്കുന്നു. മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഈ ശത്രുവുമായി സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ പാടില്ല. ഈ ശത്രുക്കൾ അവരുടെ വാക്കുകളിലും പ്രവൃത്തികളിലും പശ്ചാത്തപിക്കണം " - ഫത്‌വയിൽ പറയുന്നു.
ഇറാനിയൻ നിയമപ്രകാരം മൊഹാരെബ് ആയി കണക്കാക്കുന്നവർ വധശിക്ഷ, കൈകാലുകൾ മുറിച്ചുമാറ്റൽ, നാടുകടത്തൽ തുടങ്ങിയവ നേരിടേണ്ടി വരാം. ജൂൺ 13 മുതൽ 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
935 മരണം
ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 935 പേരെന്ന് ഇറാൻ. ഫോറൻസിക് ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്. കൊല്ലപ്പെട്ടവരിൽ 132 സ്ത്രീകളും 38 കുട്ടികളും ഉൾപ്പെടുന്നു. ആകെ 610 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാൻ മുമ്പ് വെളിപ്പെടുത്തിയിരുന്നത്. അതേ സമയം, ടെഹ്‌റാനിലെ എവിൻ ജയിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 79 പേർ കൊല്ലപ്പെട്ടെന്നും അറിയിച്ചു.
ആക്രമണങ്ങൾക്കിടെ ഇസ്രയേലിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ഉന്നത സൈനിക കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചിരുന്നു. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ അടക്കം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ യു.എസ് ബോംബിട്ട് തകർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |