ദുബായ്: ജീവിതം കെട്ടിപ്പടുക്കാൻ ദുബായിലേക്ക് വിമാനം കയറുന്ന എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന ഒന്നാണ് ശമ്പളത്തിന് ഒതുങ്ങുന്ന ഒരു താമസ സൗകര്യം. എന്നാൽ ഇത് പലർക്കും ലഭിക്കണമെന്നില്ല. അടുത്തിടെ ദുബായിൽ വീടുകൾക്കും മുറികൾക്കും നൽകേണ്ട വാടക വലിയ തോതിൽ ഉയർന്നിരുന്നു. റിയൽ എസ്‌റ്റേറ്റ് വിപണിയിൽ അപ്രതീക്ഷിതമായി ഉണ്ടായ വളർച്ചയാണ് ഇതിന് പ്രധാന കാരണം. ഈ വളർച്ചയ്ക്ക് പിന്നാലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ വലിയ തട്ടിപ്പും അടുത്തിടെയായി നടക്കുന്നുണ്ട്.
ദുബായിൽ പുതുതായി എത്തുന്ന പ്രവാസികളാണ് ഈ തട്ടിപ്പിന് ഇരയാകുന്നവരിൽ കൂടുതലും. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യക്കാരിയായ ഒരു ഡെന്റൽ അസിസ്റ്റന്റ് ഇത്തരം തട്ടിപ്പിന് ഇരയായി. ദുബായിലേക്ക് എത്തിയ അവർ താമസ സൗകര്യത്തിന് വേണ്ടി സോഷ്യൽ മീഡിയ വഴി തെരച്ചിൽ ആരംഭിച്ചു. അങ്ങനെ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ ബർജുമാൻ മാളിൽ ഒരു താമസസ്ഥലം ഒഴിവുണ്ടെന്ന പരസ്യം കണ്ടു. തന്റെ ബഡ്ജറ്റിന് അനുയോജ്യമായതുകൊണ്ട് ഉടൻ പരസ്യത്തിൽ പ്രസിദ്ധപ്പെടുത്തിയ നമ്പറുമായി ബന്ധപ്പെട്ടു.
ഏജന്റുമായി സംസാരിച്ച് ബുക്കിംഗ് ഫീസായി അവർ 500 ദിർഹം അയച്ചുകൊടുത്തു. മുറി അത്യാവശ്യമായത് കൊണ്ട് യുവതി മറ്റൊന്നും അന്വേഷിക്കാതെ പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ പണം അയച്ചതിന് ശേഷം പിന്നെ ഏജന്റിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ഈ യുവതിക്ക് മാത്രമല്ല, ഒരു ടുണീഷ്യൻ യുവതിക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ പരസ്യം കണ്ട് വിളിച്ചപ്പോൾ 500 ദിർഹമാണ് ബുക്കിംഗ് ഫീസമായി അവർ ചോദിച്ചത്. എന്നാൽ യുവതി വിലപേശി 300 ദിർഹം അയച്ചുനൽകി. പണം ലഭിച്ചതിന് ശേഷം ആ എജന്റ് യുവതിയെ ബ്ലോക്ക് ചെയ്തു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇത്തരം തട്ടിപ്പ് ദുബായിൽ അടുത്തിടെയായി വ്യാപകമാകുന്നുണ്ട്. അധികാരികൾ ഇതേക്കുറിച്ച് കൃത്യമായ ബോധവത്കരണം നടത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |