കോഴിക്കോട്: കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനിയറിംഗിൽ മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും നേടി.
86,549 പേരാണ് ആകെ പരീക്ഷയെഴുതിയത്. 76,230 പേർ യോഗ്യത നേടി. മന്ത്രി ആർ ബിന്ദുവാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് നിലവിലുള്ള മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ മോഡൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം, ഏതൊക്കെ ബോർഡ് പരീക്ഷകൾ എഴുതിയ കുട്ടികളാണോ എൻട്രൻസ് എഴുതിയത് ആ ബോർഡ് പരീക്ഷാഫലങ്ങൾ മാത്രമേ മാർക്ക് സമീകരണത്തിന് പരിഗണിക്കൂ. ഇതുവരെ ജമ്മുകാശ്‌മീർ, ഉത്തർപ്രദേശ് അടക്കം 18 സംസ്ഥാന ബോർഡുകളുടെയും കേംബ്രിഡ്ജിന്റേതടക്കം വിദേശ ബോർഡുകളുടെയും മാർക്കുമായാണ് സമീകരണം നടത്തിയിരുന്നത്. മാർക്ക് നൽകുന്നതിൽ നിയന്ത്രണമുള്ള ബോർഡുകളും ഉദാരമായി മാർക്കു നൽകുന്ന കേരളവും തമ്മിൽ മൂല്യത്തിൽ വലിയ അന്തരമുണ്ടായി. കേരളത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന മാർക്ക് നേടിയ കുട്ടികളും എൻട്രൻസ് റാങ്കിൽ താഴേക്കു പോയി. ഇതിനു പരിഹാരമാണ് പുതിയ പ്രക്രിയ. സ്റ്റാറ്റിറ്റിക്സ് വിദഗ്ദ്ധരടങ്ങിയ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇതു നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |