മലപ്പുറം: കേരള എൻജിനീയറിംഗ് ആർകിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്സാം (കീം) 2025 പ്രവേശന ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയ്ക്ക് മികച്ച നേട്ടം. എൻജിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ 14 പേരുമായി രണ്ടാം സ്ഥാനത്തുണ്ട് ജില്ല. ഇക്കാര്യത്തിൽ 20 പേരുമായി എറണാകുളമാണ് മുന്നിൽ. ആദ്യ ആയിരം റാങ്കിലും കൂടുതൽ പേർ ഉൾപ്പെട്ട ജില്ലകളിൽ മൂന്നാം സ്ഥാനത്തുണ്ട് മലപ്പുറം. ജില്ലയിൽ നിന്ന് 127 പേർ ഉൾപ്പെട്ടു. എറണാകുളത്ത് നിന്ന് 149 പേരും കോഴിക്കോട് നിന്ന് 128 പേരും റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആകെ 7,427 പേരാണ് ജില്ലയിൽ നിന്ന് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്.
ബിഫാം റാങ്ക് ലിസ്റ്റിലെ ആദ്യ പത്തിൽ അഞ്ച് പേരും മലപ്പുറം ജില്ലയിൽ നിന്നാണ്. ഏലംകുളം സ്വദേശി എം. ഫാത്തിമത്ത് സഹ്റ മൂന്നാം റാങ്ക് കരസ്ഥമാക്കി. മക്കരപ്പറമ്പ കുറുവയിലെ പി. ഹിസാനയ്ക്കാണ് ഏഴാം റാങ്ക്. ചെറിയമുണ്ടം പരപ്പൂത്തടം സ്വദേശി സി.സി. മുഹമ്മദ് അർഷാദ് എട്ടാം റാങ്കും തിരുന്നാവായ താഴത്തറയിലെ സനൂബിയ ഒമ്പതാം റാങ്കും നേടിയിട്ടുണ്ട്. വെള്ളയൂർ സ്വദേശി എൻ. റിസിന് ആണ് പത്താം റാങ്ക്.
അഭിമാനമായി ജയാഷ് മുഹമ്മദ്
എൻജിനീയറിംഗ് പ്രവേശനത്തിലെ ആദ്യ പത്ത് റാങ്കിൽ ജില്ല ഇടംപിടിച്ചിട്ടുണ്ട്. പത്താംറാങ്കുമായി കെ.ജയാഷ് മുഹമ്മദ് ജില്ലയുടെ അഭിമാനമായി. 582.0583 ആണ് ഈ മിടുക്കന്റെ സ്‌കോർ. വെള്ളുവമ്പ്രം അത്താണിക്കൽ വെള്ളൂർ കറുത്തേടത്ത് റിട്ട. പൊലിസ് ഓഫീസർ അബ്ദുൽ ഷുക്കൂറിന്റെ മകനാണ് ജയാഷ് മുഹമ്മദ്. വെള്ളുവമ്പ്രം എ.എം യു.പി സ്‌കൂൾ അദ്ധ്യാപിക കെ.ടി. ഷാജിതയാണ് മാതാവ്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ പ്ലസ്ടുവിനൊപ്പം എൻട്രൻസ് പരിശീലനവും നേടി. പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളും എ പ്ലസും എസ്.എസ്.എൽ.സിക്ക് ഒമ്പത് വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിൽ നിന്നാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിൽ (ജെ.ഇ.ഇ) 5,772 റാങ്ക് നേടി ബാംഗ്ലൂർ ഐ.എ.എസ്.ഇയിൽ പ്രവേശനം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |