പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് ചികിത്സ തേടേണ്ടതാണ്. ലെപ്റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ വ്യാപിക്കുന്നത്. നായ്ക്കൾ, ആടുമാടുകൾ, പന്നികൾ തുടങ്ങിയവയും രോഗാണു വാഹകരാകാൻ സാധ്യതയുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10-14 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രക്തപരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാവും. 56 ദിവസം കൊണ്ട് പനി സുഖമാകും. 10 ശതമാനം പേരിൽ സങ്കീർണതകൾ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാൽ അവയുടെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കാം. പെൻസിലിൻ പോലുളള ആന്റിബയോട്ടിക്കുകൾ വളരെ ഫലപ്രദമാണ്. പക്ഷേ ആരംഭത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം.
രോഗ ലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന
ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന.
കാൽമുട്ടിനു താഴെയുള്ള പേശികളിൽ കൈ വിരൽ കൊണ്ട് അമർത്തുമ്പോൾ വേദന ഉണ്ടാകുന്നു.
അമിതമായ ക്ഷീണം.
കണ്ണിന് ചുവപ്പ് നിറം, നീർവീഴ്ച, കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എന്നിവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളിലെ രക്തസ്രാവമാണ് ചുവപ്പു നിറത്തിന് കാരണം. പനിക്കും ശരീരവേദനയ്ക്കും ഒപ്പം കണ്ണിന് ചുവപ്പ് നിറം കൂടിയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.
മഞ്ഞപ്പിത്ത ലക്ഷണങ്ങൾ. പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചിൽ, ഛർദ്ദി എന്നിവ ഉണ്ടായാൽ എലിപ്പനി സംശയിക്കണം. രോഗം കരളിനെ ബാധിക്കുന്നതു കൊണ്ടാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗത്തിന്റെ തീവ്രത കൂടുന്നതിന്റെ ലക്ഷണങ്ങൾ ആണിവ.
ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, ത്വക്കിൽ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം.
രോഗം ഗുരുതരമാണെങ്കിൽ മൂക്കിൽ കൂടി രക്തസ്രാവം, രക്തം ഛർദ്ദിക്കുക, മലം കറുത്ത നിറത്തിൽ പോകുക എന്നിവയും ഉണ്ടാകാം.
ചിലരിൽ പനിയോടൊപ്പം വയറിളക്കവും ഛർദ്ദിയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |