SignIn
Kerala Kaumudi Online
Monday, 07 July 2025 2.23 AM IST

ആശുപത്രികളിൽ ഉപയോഗിക്കാതെ കോടികളുടെ ഉപകരണങ്ങൾ

Increase Font Size Decrease Font Size Print Page
sa

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയകൾ പോലും മുടങ്ങുന്ന സാഹചര്യമാണിപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായതെങ്കിൽ ഉള്ള ഉപകരണങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതു മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതിലേറെ വലുതാണെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവ‌ർ ചൂണ്ടിക്കാട്ടുന്നത്. വലിയ വിലയ്ക്ക് വാങ്ങിയ ഉപകരണങ്ങൾ നിസാരമായ തകരാറ് പരിഹരിക്കാത്തതിന്റെ പേരിൽ ഉപയോഗശൂന്യമാകുന്ന സംഭവങ്ങൾ എല്ലാ ആശുപത്രികളിലുമുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന ഉപകരണങ്ങളുടെ കണക്കെടുത്താൻ പലകോടികളുടെ മുതലുണ്ടാകുമെന്നും ബന്ധപ്പെട്ടവർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ഉപകരണ ക്ഷാമം മൂലം ശസ്ത്രക്രിയ നടത്താനാകാതെ മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യമാണ് യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച് ഹാരിസ് ചൂണ്ടിക്കാട്ടിയതും പിന്നീട് വിവാദമായതും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുടെയും പൊതുവായ അവസ്ഥ ഇതാണെന്നാണ് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതി ചൂണ്ടിക്കാട്ടിയത്. എന്നാൽ സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും ഉപകരണ ക്ഷാമത്തിനു പുറമേ, ഉപകരണങ്ങളുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാൻ കഴിയാത്തതിന്റെ ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ടെന്ന് ഡോക്ടർമാരടക്കം ചൂണ്ടിക്കാട്ടുന്നു. ഒരു ജില്ലാ ആശുപത്രിയിൽ 14 വർഷം മുമ്പ് കോടികൾ ചെലവഴിച്ച് വാങ്ങിയ സി.ടി സ്കാനർ വൈദ്യുതി കിട്ടാനുള്ള ചെറിയ തടസ്സം കാരണം ഉപയോഗിക്കാൻ കഴിയാതായതോടെ രോഗികൾക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാൻ ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടി ഫയലിൽ ഒതുങ്ങി. മാസങ്ങൾ നീണ്ടതോടെ കോടികൾ വിലയുള്ള സി.ടി സ്കാനർ പൊടിയടിച്ചു കിടക്കുന്ന അവസ്ഥയിലായി. വാങ്ങുന്ന ഉപകരണങ്ങൾക്ക് വേണ്ടത്ര നിലവാരം ഇല്ലാത്തതുമൂലം വാങ്ങി ആഴ്ചകൾക്കകം കേടാകുന്നതും പതിവ് സംഭവമാണ്. ഇത് നന്നാക്കണമെങ്കിൽ നടപടികളുടെ നൂലാമാലകൾ കടന്നാലും സമയത്ത് നന്നാക്കാനാകാതെ ഒടുവിൽ ഉപേക്ഷിക്കും.

130 ഉപകരണങ്ങൾ

വാങ്ങി, 70 എണ്ണം കേടായി

ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്ന കമ്പനികളുടെയും അവർ നൽകുന്ന ഉപകരണങ്ങളുടെയും ഗുണനിലവാരവും ചോദ്യചിഹ്നമാണ്. ഉപകരണം ആശുപത്രിയിൽ ഉപയോഗിച്ച് അധികം വൈകാതെ കേടാകുമ്പോൾ മാത്രമാണ് സാധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമാകുക. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയാ സമയത്തുണ്ടാകുന്ന സ്രവം വലിച്ചെടുക്കുന്ന സക്‌ഷൻ മെഷീൻ വാങ്ങി ഉപയോഗിച്ച് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ കേടായി. അതിന്റെ സർവീസിനായി ബന്ധപ്പെട്ട കമ്പനിയുടെ നമ്പരിൽ വിളിച്ചപ്പോൾ അങ്ങനെയൊരു നമ്പർ ഇല്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഇ മെയിലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ഈ കമ്പനിയിൽ നിന്ന് വാങ്ങിയ 130 ഓളം ഉപകരണങ്ങളിൽ 70 എണ്ണവും കേടായി. കമ്പനിയുമായി ബന്ധപ്പെടാനാകാത്തതിനാൽ അത്രയും ഉപകരണങ്ങളും ഉപയോഗശൂന്യമാകുകയായിരുന്നു. ആരോഗ്യവകുപ്പിന് മെഡിക്കൽ ഉപകരണങ്ങൾ ടെണ്ടറിലൂടെ നൽകുന്ന കമ്പനികൾ 'തട്ടിക്കൂട്ട്' കമ്പനികളാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഓരോ വ‌ർഷവും ഇങ്ങനെ കോടികളുടെ ഉപകരണങ്ങളാണ് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടുന്നത്. അതിൽ നല്ലൊരു ഭാഗവും ഉപയോഗശൂന്യമാകുമ്പോൾ ഉണ്ടാകുന്ന നഷ്ടം സ‌ർക്കാർ ഖജനാവിന് മാത്രമല്ല, ലക്ഷക്കണക്കിന് രോഗികൾക്ക് ലഭിക്കേണ്ട സേവന നഷ്ടം കൂടിയാണ്. വിവിധ ഉപകരണങ്ങൾ വാങ്ങാൻ ടെണ്ടർ എടുത്ത കമ്പനിയുടെ ആധികാരികതയോ അവർ നൽകുന്ന ഉപകരണങ്ങളുടെ ഗുണനിലവാരമോ പരിശോധിക്കാതെയാണ് ടെണ്ടർ നൽകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചെറിയ തകരാറുകളുണ്ടാകുമ്പോൾ നിസ്സാര തുകയിൽ അത് നന്നാക്കാൻ കഴിയുമെങ്കിലും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി ഫണ്ട് അനുവദിക്കുമ്പോഴേക്കും ഉപകരണം ഒരിയ്ക്കലും നന്നാക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിയിട്ടുണ്ടാകും. ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടറുടെ സ്വന്തം പോക്കറ്റിൽ നിന്നെടുത്തോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നന്നാക്കാൻ ശ്രമിച്ചാൽ പിന്നെ ആ ഡോക്ടർ പ്രതിക്കൂട്ടിലാകുകയും ഇല്ലാത്ത ആരോപണങ്ങൾ കേൾക്കേണ്ടി വരുകയും ചെയ്യുമെന്നതിനാൽ പുലിവാല് പിടിയ്ക്കാൻ ആരും മെനക്കെടില്ല.

മരുന്ന് വാങ്ങലിലും

ഇതേ അവസ്ഥ

സർക്കാരാശുപത്രികളിലേക്ക് ഒരു വർഷം 125- 130 കോടിയുടെ (6000- 6500 ബാച്ച് ) മരുന്നാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കേന്ദ്രീകൃത പർച്ചേസിലൂടെ വാങ്ങുന്നത്. വാങ്ങിക്കൂട്ടുന്ന മുഴുവൻ മരുന്നിന്റെയും ഗുണനിലവാര പരിശോധനക്കുള്ള സംവിധാനം കേരളത്തിലില്ല. രാജ്യത്തെ പേരുകേട്ട മരുന്നുകമ്പനികളൊന്നും ആരോഗ്യവകുപ്പിന്റെ ടെണ്ടറിൽ പങ്കെടുക്കില്ല. കാരണം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കമ്പനിക്കാകും ടെണ്ടർ ലഭിക്കുകയെന്നതാണ്. കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന മരുന്ന് യാതൊരു ഗുണനിലവാര പരിശോധനയും കൂടാതെ കോർപ്പറേഷന്റെ വിവിധ ജില്ലകളിലുള്ള മരുന്ന് സംഭരണ കേന്ദ്രങ്ങളിലേക്കാണ് എത്തുന്നത്. അവിടെ നിന്ന് വിവിധ ആശുപത്രികളിലേക്കും. ആശുപത്രികളിൽ നിന്ന് 'റാൻഡം സാംപ്ളിഗി' ലൂടെ എടുക്കുന്ന മരുന്നാണ് ലബോറട്ടറിയിൽ ഗുണനിലവാര പരിശോധനക്കായി അയക്കുന്നത്. ഓരോ മരുന്നിലും അടങ്ങിയിരിക്കുന്നതെന്തൊക്കെ, അവയുടെ ഗുണനിലവാരം എന്നിവയൊക്കെ പരിശോധിക്കണം. 600 സാമ്പിളുകൾ പോലും പരിശോധിക്കാൻ ആവശ്യത്തിന് ലാബോ സംവിധാനമോ ഇല്ലാത്തതിനാൽ അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമാകും സാമ്പിളിന്റെ പരിശോധനാ ഫലം എത്തുക. അപ്പോഴേക്കും മരുന്നിന്റെ മുക്കാൽ ഭാഗത്തിലേറെയോ മുഴുവനായോ രോഗികൾക്ക് വിതരണം ചെയ്ത് കഴിഞ്ഞിരിക്കും. വൈകിയെത്തുന്ന പരിശോധനാ ഫലത്തിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി കണ്ടെത്തിയാൽ ആ മരുന്ന് വിതരണം നിർത്തിവയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം നൽകുന്നതാണ് രീതി. മരുന്ന് മുഴുവൻ രോഗികൾക്ക് നൽകിയശേഷം വരുന്ന ഫലം കൊണ്ട് എന്ത് പ്രയോജനമെന്നത് ഊഹിക്കാവുന്നതേയുള്ളു. പിന്നീട് ആകെക്കൂടി ചെയ്യാവുന്നത് മരുന്ന് നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽപ്പെടുത്തുക എന്നതാണ്. മരുന്ന് വാങ്ങുമ്പോൾ തന്നെ വിലയുടെ 80 ശതമാനവും നൽകിക്കഴിഞ്ഞതിനാൽ ശേഷിക്കുന്ന 20 ശതമാനം തുക പിടിച്ചു വച്ചാലും കമ്പനിക്ക് നഷ്ടമില്ല. കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിക്ക് അടുത്ത തവണ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ മറ്റൊരു പേരിലെത്തി ടെണ്ടറിൽ പങ്കെടുക്കും. ഏറ്റവും കുറഞ്ഞ വിലകാട്ടുന്ന കമ്പനികൾക്ക് ടെണ്ടർ നൽകാൻ വൻതുകയുടെ കമ്മിഷൻ, ബിനാമി ഏർപ്പാടുകളും നിലവിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ടെണ്ടർ ഉറപ്പിക്കും മുമ്പേ ആ സ്ഥാപനം നിലവിലുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ നിലവാരം, ടേണോവർ തുടങ്ങിയ യാതൊരു വിവരവും അന്വേഷിക്കാതെയാണ് ടെണ്ടർ ഉറപ്പിക്കുന്നത്.

പർച്ചേസിംഗ്

വികേന്ദ്രീകരിക്കണം

ആശുപത്രികളിലേക്ക് ഉപകരണങ്ങളും മരുന്നും അനുബന്ധ സാധനങ്ങളും വാങ്ങാൻ നിലവിലുള്ള കേന്ദ്രീകൃത പർച്ചേസിംഗ് സംവിധാനം വികേന്ദ്രീകരിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും ആവശ്യമായ സാധനങ്ങൾ വാങ്ങാൻ അതാത് സ്ഥാപന മേധാവികൾക്ക് അധികാരം നൽകുകയും അവർക്ക് ഫണ്ട് നൽകുകയും ചെയ്യണമെന്ന ആവശ്യമാണുയരുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓരോ സാധനങ്ങൾക്കും അനുസൃതമായ വില നിശ്ചയിക്കുന്ന ഏജൻസിയായി മാറണം. സ്റ്റോർ പർച്ചേസ് നിയമം അനുസരിച്ച് സ്ഥാപന മേധാവികൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞാൽ അഴിമതി കുറയുകയും സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ ഇതിനുള്ള സാദ്ധ്യത ഏറെ വിദൂരമാണെന്നും ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നുണ്ട്. കാരണം കോടികളുടെ ഇടപാട് നടക്കുന്ന മരുന്ന് വാങ്ങൽ ആരോഗ്യവകുപ്പിലെ 'ശർക്കരക്കുടം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേന്ദ്രീകൃത പർച്ചേസിംഗിലൂടെ കോടികൾ കൈവരുന്ന ശർക്കരക്കുടം കൈവിടാൻ ആരാണ് തയ്യാറാകുക ?

TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.