തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാതകളിൽ അപകടങ്ങളുടെ എണ്ണവും മരണ നിരക്കും ക്രമേണ കുറയുമ്പോൾ മറ്റു റോഡുകളിൽ വർദ്ധന. വീതികുറവ്, റോഡുകളുടെ ശോചനീയാവസ്ഥ, വാഹന ബാഹുല്യം, അമിതവേഗം, അപകടകരമായ ഓവർടേക്കിംഗുമൊക്കെയാണ് കാരണം.
2023ൽ ദേശീയപാതകളിൽ 9,713 അപകടങ്ങളിലായി 1,012പേർ മരിച്ചു. മറ്റു പാതകളിൽ ഇത് യഥാക്രമം 24,699, 2,004. 2018 മുതലുളള കണക്കുകൾ പരിശോധിച്ച് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണിത്. വീതി കൂട്ടിയതും ഡിവൈഡറുകൾ സ്ഥാപിച്ചതും മേൽപ്പാതയടക്കം നിർമ്മിച്ച് മറ്റ് റോഡുകളുമായുള്ള കൂടിച്ചേരൽ ഒഴിവാക്കിയതുമാണ് ദേശീയപാതകളിൽ അപകട നിരക്ക് കുറയാൻ കാരണം.
അതേസമയം, റോഡപകടങ്ങൾ മൂലമുള്ള മരണനിരക്ക് കഴിഞ്ഞ രണ്ടു വർഷമായി കുറയുന്നുണ്ട്. 2023ൽ 8.48% കുറഞ്ഞു, 2024ൽ 7.71 ശതമാനമായും. എ.ഐ ക്യാമറ നിരീക്ഷണം കാരണം കൂടുതൽപേർ ഗതാഗതനിയമങ്ങൾ പാലിക്കുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
കൂടുതലും ഇരുചക്രവാഹനങ്ങൾ
ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളിൽപെടുന്നതിൽ ഏറെയും. 40.99%.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും ജനവാസ മേഖലയിലും റോഡപകടങ്ങൾ കൂടി
മിക്ക അപകടങ്ങളും രാവിലെ 9നും ഉച്ചയ്ക്ക് 12നും ഇടയിൽ
വൈകിട്ട് 6നും രാത്രി 9നും ഇടയിലാണ് അപകടംമൂലമുള്ള മരണങ്ങൾ ഏറെയും
രാത്രി 12നും പുലർച്ചെ 3നുമിടയിൽ സംഭവിക്കുന്ന അപകടങ്ങളാണ് തിവ്രതയേറിയവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |