കോന്നി : ഇക്കോ ടൂറിസം സെന്ററിലെ അരുമയായ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. 5 വയസായിരുന്നു. ബുധനാഴ്ച പുലർച്ചയോടെയാണ് കൊച്ചയ്യപ്പനെ കെട്ടിയിട്ട ഭാഗത്ത് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വൈറ്റമിന്റെ കുറവിനെ തുടർന്ന് ചികിത്സ നൽകിവരികയായിരുന്നു. ഹെർപ്പിസ് രോഗബാധയാണ് കുട്ടിക്കൊമ്പൻ ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
2021ൽ ആറുമാസം മാത്രം പ്രായമുള്ളപ്പോൾ റാന്നി വനം ഡിവിഷനിലെ ഗ്രുഡിക്കൽ റേഞ്ചിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട കുട്ടിക്കൊമ്പനെ വനംവകുപ്പ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു. കുട്ടിയാനയെ കണ്ടെത്തിയ സ്ഥലത്ത് താൽക്കാലിക കൂടുണ്ടാക്കി കാട്ടാന കൂട്ടത്തോടൊപ്പം വിടാൻ പലതവണ ശ്രമമുണ്ടായെങ്കിലും അതൊന്നും ഫലംകണ്ടില്ല. തുടർന്ന് കോന്നി ആനത്താവളത്തിലേക്ക് കൊച്ചയ്യപ്പനെ എത്തിക്കുകയായിരുന്നു. കോന്നി ആനത്താവളത്തിൽ പരിശീലനത്തിലായിരുന്നു. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ആണ് കുട്ടിയാനയ്ക്ക് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള കോന്നി ആനത്താവളത്തിലെ ഏറ്റവും പ്രശസ്തനായ കൊമ്പനായിരുന്ന കൊച്ചയ്യപ്പന്റെ പേര് നൽകിയത്. പാപ്പാൻ ഷംസുദ്ദീനായിരുന്നു സംരക്ഷണ ചുമതല.
കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഡി.എഫ്.ഒ ആയുഷ് കുമാർ കോറി എന്നിവർ ഇക്കോ ടൂറിസം സെന്ററിൽ എത്തി മേൽനടപടികൾക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോട്ടൂർ ആനക്യാമ്പിലെ വെറ്റിനറി സർജന്മാരായ ഡോ.രാഹുൽ നായർ, ഡോ.അരുൺകുമാർ, മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി സർജൻ ഡോ. ഷീബ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം കുമ്മണ്ണൂർ വനമേഖലയിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |