വിഴിഞ്ഞം: അമ്മയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച അനുജനെ സഹോദരൻ കുത്തിപ്പരിക്കേല്പിച്ചു. സംഭവത്തിൽ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാറിനെ (45) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു.
വയറ്റിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ ജോസ് (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. ജോസ് രാത്രിയിൽ അമ്മ ഓമനയെ (62) കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മടങ്ങിപ്പോയ ശേഷം വീണ്ടുമെത്തി കഴുത്തിൽ കത്തിവച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സുനിൽകുമാർ കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സഹോദരനും പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നും ഇതിലെ മുൻ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് വ്യക്തമാക്കി. കുത്തേറ്റ് അരമണിക്കൂറോളം കിടന്ന ജോസിനെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസിന്റെ മൊഴിയെടുക്കാനായിട്ടില്ലന്നും അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ വിനോദ്,പ്രശാന്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |