ചാവക്കാട്: കോടതി പരിസരത്ത് നടന്ന കവർച്ചയിൽ സി.പി.എം നേതാവിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് കഴിഞ്ഞതിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലബീരങ്കി പ്രയോഗിച്ചത്. ചാവക്കാട് കോടതി പരിസരത്ത് നിന്നും കാറും,മൊബൈലും,പണവും കവർന്ന കേസിൽ സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസിൽ തിരുവത്ര സ്വദേശി അനസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി ആറിന് ഉച്ചയ്ക്ക് 1.30ന് ചാവക്കാട് കോടതി പരിസരത്ത് വച്ചായിരുന്നു കവർച്ച. അന്നകര സ്വദേശി രതീഷിനെയും ഭാര്യയെയും ആക്രമിച്ച് കാറും 49,000 രൂപയും മൊബൈൽ ഫോണും കവർന്നതായാണ് പരാതി. പ്രതിഷേധ യോഗം കെ.പി.സി.സി മുൻ മെമ്പർ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്,ജില്ലാ സെക്രട്ടറി റിഷി ലാസർ,ചാവക്കാട്,ഗുരുവായൂർ നഗരസഭ പ്രതിപക്ഷനേതാക്കളായ കെ.വി.സത്താർ,കെ.പി.ഉദയൻ,മഹിള കോൺഗ്രസ് സംസ്ഥാന നേതാവ് ബീന രവിശങ്കർ,ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എച്ച്.എം.നൗഫൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |