കൊല്ലം: ആവശ്യത്തിന് റോഡിയോ ഡയഗ്നോസിസ് സ്പെഷ്യലിസ്റ്റുകളില്ലാത്തതിനാൽ അത്യാഹിതങ്ങൾക്കൊഴികെയുള്ള സി.ടി, അൾട്രാ സൗണ്ട് സ്കാനിംഗുകൾക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികൾക്ക് കാത്തിരിക്കേണ്ടിവരുന്നത് മൂന്ന് മുതൽ അഞ്ച് മാസം വരെ.
രാത്രികാലങ്ങളിൽ തലയ്ക്ക് അടക്കം നേരിയ പരിക്കേറ്റ് എത്തുന്നവരെ ഉടൻ റഫർ ചെയ്യുന്നതും വൈകിട്ട് നാലിന് ശേഷം സ്കാനിംഗ് കേന്ദ്രം പ്രവർത്തിക്കാത്തതിനാലാണ്. അത്യാഹിതങ്ങൾ സംഭവിക്കുന്നവരെ നിരന്തരം എത്തിക്കുന്ന ദേശീയപാത ഓരത്തുള്ള മെഡിക്കൽ കോളേജായിട്ടും സ്കാനിംഗിനുള്ള റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ രണ്ട് പ്രൊഫസർമാർ മാത്രമാണുള്ളത്. രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയുള്ള ഇവരുടെ ജോലി സമയം കഴിയുന്നതോടെ മെഡിക്കൽ കോളേജിലെ സ്കാനിംഗ് കേന്ദ്രം അടയും.
ഇതിനിടയിൽ അത്യാഹിതങ്ങളും ഗുരുതര പ്രശ്നങ്ങളുമായി നിരവധി പേർ എത്തുന്നതിനാൽ പഴക്കമുള്ള രോഗങ്ങൾക്കുള്ള സ്കാനിംഗ് വളരെക്കുറച്ചേ നടക്കൂ. അതുകൊണ്ട് തന്നെ വയറുവേദന, സൈനസൈറ്റിസ്, കാലിലെ പഴുപ്പ് തുടങ്ങിയ രോഗങ്ങളുള്ളവർ വൻതുക നൽകി സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഒരു സീനിയർ റെസിഡന്റ് മതി
റോഡിയോ ഡയഗ്നോസിസ് പി.ജി പഠനത്തിന്റെ ഭാഗമായുള്ള ഒരു വർഷത്തെ നിർബന്ധിത സേവനം ചെയ്യേണ്ട ഒരു സീനിയർ റെസിഡന്റിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിയമിച്ചാൽ രാത്രികാലങ്ങളിലും സി.ടി, അൾട്രാ സൗണ്ട് സ്കാനിംഗ് നടക്കും. സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചാൽ അപകടത്തിൽ പരിക്കേറ്റ് എത്തുന്നവരെ റഫർ ചെയ്യാതെ അവിടെ തന്നെ ചികിത്സിക്കാം. എന്നാൽ പി.ജി പഠനം കഴിയുന്നവർ സ്വാധീനം ഉപയോഗിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായി പ്രവേശിക്കുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും റഫറൻസ് ഒഴിവാക്കാനുള്ള നേരിയ ഇടപെടലിന് പോലും അധികൃതർ തയ്യാറാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |