ലക്നൗ: ഭാര്യ തനിക്കൊപ്പം വരാൻ വിസമ്മതിച്ചതിൽ കലിപൂണ്ട് യുവാവ് ഭാര്യവീട്ടുകാരെ കുത്തിക്കൊന്നു. ലക്നൗവിലെ വിജയ് ഖേഡ സ്വദേശിയായ ജഗ്ദീപ് സിംഗ് (42)ആണ് ഭാര്യാ പിതാവ് അനന്തറാമിനെയും (80) അദ്ദേഹത്തിന്റെ ഭാര്യ ആശാ ദേവിയെയും (75) കുത്തികൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ജഗ്ദീപുമായി പിണങ്ങിയ ഭാര്യ പൂനം രണ്ടുവർഷമായി അവരുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തിയ ജഗ്ദീപ് തന്നോടൊപ്പം വരാൻ പൂനത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പൂനം ഇതിന് തയ്യാറായില്ല. മാത്രമല്ല അവരുടെ മാതാപിതാക്കളും ഇതിനെ എതിർത്തു. ഇതോടെ തർക്കമായി. ഇതിൽ കലിപൂണ്ട ജഗ്ദീപ് കത്തിയെടുത്ത് അനന്തറാമിനെ ആക്രമിച്ചു.
പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ആശാ ദേവിയെയും പ്രതി ക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തടയാൻ ശ്രമിച്ച പൂനത്തിനു നേരെയും ആക്രമണം ഉണ്ടായെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച ജഗ്ദീപിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തറാമിനെയും ഭാര്യയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2015ലാണ് പൂനവും ജഗ്ദീപും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |