തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന്മ ന്ത്രി ജി ആർ അനിൽ. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി,. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലായ് 1ന് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുൻഗണനേതര വിഭാഗത്തിലെ കുടുംബങ്ങൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം അരി വീതം നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിന്റെ നിരക്കായ 8.30 രൂപയ്ക്ക് ലഭ്യമാക്കണമെന്നും 2022 മുതൽ നിർത്തിവെച്ച ഗോതമ്പിന്റെ ടൈഡ് ഓവർ വിഹിതം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. രാജ്യസഭാംഗം പി. സന്തോഷ് കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എന്നാൽ, ഈ ആവശ്യങ്ങൾ പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
ഗോതമ്പിന്റെ ടൈഡ് ഓവർ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചു. കേരളത്തിൽ 40 ശതമാനത്തിലധികം ആളുകൾ പ്രമേഹ ബാധിതരാണെന്ന കണക്കുകൾ പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. 2018ലെ ഓഖി ദുരന്തത്തിൽ 3,555 മെട്രിക് ടൺ അരി സൗജന്യമായി നൽകിയതിന്റെ 8.31 കോടി രൂപ, പ്രളയബാധിതർക്ക് 89,540 മെട്രിക് ടൺ അരി നൽകിയതിന്റെ 205.80 കോടി രൂപ, കോവിഡ് കാലത്ത് കാർഡ് ഒന്നിന് സൗജന്യനിരക്കായ 15 രൂപയ്ക്ക് 10 കിലോഗ്രാം അരി വീതം നൽകിയതിന്റെ 649 കോടി രൂപ എന്നിവ കേന്ദ്രം സംസ്ഥാനത്തോട് ഈടാക്കിയിരുന്നു.
നിലവിൽ സപ്ലൈകോയിൽ പച്ചരി 29 രൂപയ്ക്കും കെ-റൈസ് 33 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇതിനാവശ്യമായ നടപടികൾക്ക് നിർദേശം നൽകിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |