തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഏകീകൃതപെൻഷന് ഉടനടി അംഗീകാരം നൽകിയെങ്കിലും സംസ്ഥാന ജീവനക്കാരുടെ പങ്കാളിത്തപെൻഷന് പകരമുള്ള പദ്ധതിയിൽ തീരുമാനമായില്ല.
കേന്ദ്രസർക്കാർ ഏപ്രിലിലാണ് ഏകീകൃത പെൻഷൻ പ്രഖ്യാപിച്ചത്.അന്ന് തന്നെ തങ്ങൾക്കും ബാധകമാക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.
അതേസമയം, പങ്കാളിത്ത പെൻഷന് പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാൻ ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെ നിയമിച്ചെങ്കിലും യാതൊരു ശുപാർശയും നൽകിയിട്ടില്ല.
2023ലെ ബഡ്ജറ്റിൽ 'ഉറപ്പായ പെൻഷൻ' നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ നടപടി ഉണ്ടായില്ല.
പങ്കാളിത്തപെൻഷൻ തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ വിഹിതം 10%ൽ നിന്ന് 14% ആയി വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്.
സിവിൽ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം 10%ൽ നിന്ന് 18.5% ആയാണ് വർദ്ധിപ്പിച്ചത്.
സംസ്ഥാനത്തെ 5.15 ലക്ഷം ജീവനക്കാരിൽ 1.98ലക്ഷംപേർ പങ്കാളിത്തപെൻഷനിലാണ്.പങ്കാളിത്ത പെൻഷനിൽ പത്തുശതമാനമേ സർക്കാർവിഹിതമുള്ളൂ. താഴെതട്ടിലുള്ള നല്ലൊരു ശതമാനം ജീവനക്കാർക്കും നാമമാത്ര പെൻഷനേ ലഭിക്കുന്നുള്ളൂവെന്നതാണ് പ്രശ്നം. ഇതു പരിഹരിക്കാനാണ് അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്നതരത്തിൽ കേന്ദ്രം ഏകീകൃത പെൻഷൻ നടപ്പാക്കിയത്.
ഏപ്രിലിൽ കേന്ദ്രം ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയതിനു പിന്നാലെ മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങൾ അതിലേക്ക് മാറി. അവിടത്തെ കാര്യങ്ങൾ പഠിച്ചശേഷം കേരളത്തിലെ പുതിയ പെൻഷൻ രീതിയെകുറിച്ച് തീരുമാനമെടുക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. താരതമ്യപഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉൾപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമാതൃകയിൽ ഏകീകൃത പെൻഷൻ പദ്ധതിയെങ്കിലും നടപ്പാക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |