ന്യൂഡൽഹി: പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയ്ക്ക് മാത്രമാണെന്ന് ഇന്ത്യ. ടിബറ്റിലുള്ളവർക്ക് മാത്രമല്ല ലോകത്തിലെ എല്ലാ അനുയായികൾക്കും ദലൈലാമയുടെ സ്ഥാനം സുപ്രധാനമാണെന്നും ദലൈലാമയുടെ പിൻഗാമിയെ പരമ്പരാഗതരീതിയിൽ തിരഞ്ഞെടുക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
പുതിയ ദലൈലാമയ്ക്ക് തങ്ങളുടെ അംഗീകാരം വേണമെന്ന ചൈനയുടെ നിലപാടിനെ തള്ളുന്നതാണ് ഇന്ത്യയുടെ പ്രതികരണം. ജൂലായ് ആറിന് ദലൈലാമയുടെ 90-ാം പിറന്നാളിന്റെ ഭാഗമായി ധരംശാലയിൽ നടക്കുന്ന ആഘോഷങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് കിരൺ റിജിജു പങ്കെടുക്കുമെന്നാണ് സൂചന.
മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ധരംശാലയിൽ നൂറിലേറെ ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ നൽകിയ സന്ദേശത്തിലായിരുന്നു ദലൈലാമയുടെ പ്രഖ്യാപനം. ഗാഡെൻ ഫൊഡ്രാങ് ട്രസ്റ്റിനാണ് പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള ചുമതലയെന്നും മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്നും ചൈനയെ ലക്ഷ്യമിട്ട് ദലൈലാമ വ്യക്തമാക്കിയിരുന്നു. അതേസമയം, തങ്ങളുടെ അംഗീകാരത്തോടെ മാത്രമെ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്നും സ്വർണ കലശത്തിൽ നിന്ന് നറുക്കെടുത്ത് പുതിയ ദലൈലാമയെ തീരുമാനിക്കുമെന്നുമാണ് ചൈനയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |