കോഴിക്കോട്: ബേപ്പൂർ എൻ.എഫ്.എസ്.എ ഡിപ്പോ തൊഴിലാളികൾക്കിടയിലെ ശീതസമരത്തിന് പരിഹാരം കാണാൻ ജില്ല ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങി. ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല. തുടർ ചർച്ചയുണ്ടാകും. രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്നാണ് ലേബർ ഓഫീസർ പറയുന്നതെന്ന് റേഷൻ ഡീലർമാർ പറഞ്ഞു. അതേസമയം തൊഴിലാളികൾ അംഗീകരിക്കുമെന്ന് ഉറപ്പില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ റേഷൻ സാധനങ്ങളുടെ വിതരണം പഴയതുപോലെ വെള്ളയിൽ ഡിപ്പോയിൽ നിന്നുതന്നെയാക്കണമെന്ന് റേഷൻ ഡീലർമാർ ആവശ്യപ്പെട്ടു. വെള്ളയിലെ സ്ഥലപരിമിതിയെ തുടർന്ന് കൊവിഡിന് മുമ്പ് അരി, ഗോതമ്പ് എന്നിവയുടെ വിതരണം ബേപ്പൂർ ഡിപ്പോയിലേക്ക് മാറ്റി. തൊഴിലാളികളുടെ ശീതസമരം തുടരുന്ന സാഹചര്യത്തിൽ ബേപ്പൂരിൽ നിന്ന് ഇനി സാധനങ്ങൾ എടുക്കില്ലെന്ന് സപ്ളെെ ഓഫീസറെ അറിയിച്ചതായി റേഷൻ ഡീലർമാർ പറഞ്ഞു. സ്ഥലപരിമിതിയെ തുടർന്ന് കൊവിഡിന് മുമ്പ് വെള്ളയിൽ ഡിപ്പോ ബേപ്പൂരിലേക്ക് മാറ്റിയതോടെയാണ് പ്രശ്നം തുടങ്ങിയത്. വെള്ളയിലെ തൊഴിലാളികൾക്ക് തൊഴിലില്ലാതായി. അവർ ഹെെക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വെള്ളയിലെയും ബേപ്പൂരിലെയും തൊഴിലാളികൾക്കായി തൊഴിൽ വീതിച്ചു. വെള്ളയിലെ തൊഴിലാളികൾക്ക് 75 ശതമാനവും ബേപ്പൂരിലെ തൊഴിലാളികൾക്ക് 25 ശതമാനവും. ഈ വ്യവസ്ഥ തൊഴിലാളികൾക്ക് സ്വീകാര്യമായില്ല. 56 ശതമാനം തൊഴിലാണ് ബേപ്പൂരിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
സപ്ളെെ ഓഫീസർക്ക് കത്ത് നൽകി
സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ 84 റേഷൻ കടക്കാർക്കും പഴയതുപോലെ വെള്ളയിൽ നിന്നുതന്നെ റേഷൻ സാധനങ്ങൾ നൽകണമെന്നാണ് റേഷൻ ഡീലർമാരുടെ ഇപ്പോഴത്തെ നിലപാട്. ഇതിനായി ഗോഡൗൺ സൗകര്യം താത്കാലികമായെങ്കിലും വിപുലപ്പെടുത്തണം. ജില്ല സപ്ളെെ ഓഫീസർക്ക് ഇതുസംബന്ധിച്ച് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.പി. അഷ്റഫ് ഇന്നലെ കത്ത് നൽകി. റേഷൻ വിതരണം നാല് മാസമായി തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |