തിരുവനന്തപുരം: അച്ചടക്കനടപടിക്കുള്ള സാദ്ധ്യത മുന്നിൽക്കണ്ട് യൂറോളജി വകുപ്പിന്റെ ചുമതല സ്വയം ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് പറഞ്ഞു. പെട്ടെന്ന് നടപടിയുണ്ടായാലും വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണിതെന്നും അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതായി നാലംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ട്. അച്ചടക്ക നടപടി സർക്കാരിന് സ്വീകരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ മുടങ്ങിയപ്പോൾ രോഗികളുടെ പക്ഷത്തുനിന്നുള്ള പ്രതികരണമായിരുന്നു ഡോ. ഹാരിസിന്റേത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ ഫയൽനീക്കത്തിലെ കാലതാമസം പരിഹരിക്കപ്പെടേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്.
'ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി എനിക്ക്. ആരെയും ഭയക്കേണ്ട കാര്യമില്ല. ഒരു ജോലി അല്ലെങ്കിൽ വേറൊരു ജോലി കിട്ടും. സാമാന്യ ജനങ്ങൾക്കു സഹായം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചത്. എന്ത് ശിക്ഷ സ്വീകരിക്കാനും തയ്യാറണ്".- ഡോ. ഹാരിസ് പറഞ്ഞു.
ഹാരിസിനെതിരെ കടുത്ത നടപടിയെടുത്താൽ പൊതുസമൂഹത്തിൽ സർക്കാരിന് കൂടുതൽ അവമതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ താക്കീതിലൊതുക്കാനും അല്ലെങ്കിൽ വിശദമായ റിപ്പോർട്ടിനു ശേഷം നടപടി ആലോചിക്കാമെന്ന് തീരുമാനിച്ച് വിഷയം തണുപ്പിക്കാനും സാദ്ധ്യതയുണ്ട്. ബുധനാഴ്ച രാത്രി അന്വേഷണ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥന് നൽകിയ റിപ്പോർട്ട് ഇന്നലെ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്ക് കൈമാറി. അന്വേഷണസമിതിക്കു നാലു പേജുള്ള വിശദീകരണം ഡോ .ഹാരിസ് എഴുതി നൽകിയിട്ടുണ്ട്.
തുറന്നു പറച്ചിൽ ഗുണമായി, പക്ഷേ...
''തുറന്നുപറച്ചിൽ നടത്തിയതിൽ സമൂഹത്തിന് ഗുണമുണ്ടായി .എന്നാൽ, അതിനായി സ്വീകരിച്ച മാർഗത്തിൽ പിശകുപറ്റി. പക്ഷേ, എനിക്കു വേറെ മാർഗമില്ലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കുമെന്ന് മാത്രമേ വിചാരിച്ചുള്ളൂ. പല സത്യങ്ങളും തുറന്നുപറഞ്ഞപ്പോൾ നേരത്തെയും തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. എനിക്ക് സാമ്പത്തിക ബാദ്ധ്യതകൾ ഒന്നുമില്ല. ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്. പിന്നെന്തിന് പേടിക്കണം.
'വകുപ്പ് മേധാവി സ്ഥാനം ഒഴിയുന്നതായി ഡോ. ഹാരിസ് കത്ത് നിൽകിയിട്ടില്ല. നിലവിൽ അദ്ദേഹം തന്നെയാണ് വകുപ്പ് മേധാവി.
-ഡോ. പി.കെ. ജബ്ബാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |