തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രതിഷേധത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് ഗവർണർ ആർ.വി. ആർലേക്കർ കത്ത് നൽകി.
രാജ്ഭവന് കിട്ടിയ വിവര പ്രകാരം, ബുധനാഴ്ച രാത്രി നടന്ന സമരത്തിൽ സമരക്കാർ രാജ്ഭവന്റെ ഗേറ്റ് മറികടന്ന് അകത്ത് കയറിയെന്നും പൊലീസ് അനുനയിപ്പിച്ച് അവരെ പുറത്തിറക്കിയെന്നുമാണ് വ്യക്തമാവുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായ പൊലീസുകാരെയും അകത്ത് കടന്നവരെയും കണ്ടെത്തി കേസെടുക്കണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഡി.ജി.പി വിശദീകരിക്കണം. സുരക്ഷാ വീഴ്ച ഗുരുതരമായാണ് രാജ്ഭവൻ കണക്കാക്കുന്നത്. നിയമപരമായ നടപടികൾ ഉടനടിയുണ്ടാവണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഭാരതാംബ ചിത്രമുപയോഗിച്ചെന്ന പേരിൽ ചടങ്ങിനുള്ള അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്
ചട്ടവിരുദ്ധം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ്ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. അച്ചടക്കനടപടിക്കുള്ള അധികാരം രജിസ്ട്രാറെ നിയമിക്കുന്ന സിൻഡിക്കേറ്റിനാണ്. 10 ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാനുള്ള അധികാരം പോലും വി.സിക്കില്ല. സർവകലാശാല ചട്ടം 10 (13) അനുസരിച്ചാണ് വി.സിയുടെ നടപടി. എന്നാൽ ചട്ടം 10 (14) ൽ വി.സിയുടെ അധികാരം നിർവചിക്കുന്നുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാർ വരെയുള്ളവർക്കെതിരെ മാത്രമേ വി.സിക്ക് അച്ചടക്ക നടപടിയെടുക്കാനാകൂ.
ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കി ഉത്തരവ് നൽകിയെന്ന ആരോപണം ശരിയല്ല. അതിനും മുമ്പ് പരിപാടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. എന്നാൽ സംഘാടകരുടെ സെക്രട്ടറി ഉത്തരവ് കൈപ്പറ്റാൻ വിസമ്മതിച്ചു. തുടർന്ന് മെയിൽ ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നറിഞ്ഞിട്ടും ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഭാരതാംബയെ രജിസ്ട്രാർ മാനിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. കാവിക്കൊടിയേന്തിയ വനിതയാണോ ഭാരതാംബ? ഇന്ത്യൻ അതിർത്തിയെ മാനിക്കാത്ത, ഭരണഘടന പറയാത്ത ഒന്നിനെയും അംഗീകരിക്കില്ല.
ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാണിച്ചത്. ചട്ടലംഘനമുള്ളതിനാൽ റദ്ദാക്കിയെന്നറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണറുടേത് ഗുരുതര ചട്ടലംഘനമാണമെന്നും മന്ത്രി വ്യക്തമാക്കി.
സർവകലാശാലയിൽ രാഷ്ട്രീയക്കളി:
സ്റ്റാഫ് യൂണിയൻ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾ നാളുകളായി നടക്കുന്ന രാഷ്ട്രീയ വടംവലിയുടെ ഭാഗമാണെന്ന് യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ ആരോപിച്ചു. മതാഭിമുഖ്യമുള്ള സംഘടനയ്ക്ക് സെനറ്റ് ഹാൾ അനുവദിച്ചതും പിന്നീട് നടന്ന സംഭവങ്ങളും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായും അത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. സ്ഥിരം വൈസ് ചാൻസലറുടെ അഭാവത്തിന് പുറമേ രജിസ്ട്രാറുടെ സസ്പെൻഷൻ ഗുരുതരമായ ഭരണ സ്തംഭനത്തിന് ഇടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |