കെട്ടിയടച്ച വഴികൾ തുറക്കാൻ തീരുമാനം
കോഴിക്കോട്: റെയിൽവേയുടെ സുരക്ഷാ ജാഗ്രതയിൽ വഴിയടഞ്ഞ എലത്തൂരിലെ 400 ഓളം വീട്ടുകാർക്ക് ഇനി
ആശ്വാസം. നാലുമാസം മുമ്പ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയ റോഡ് തുറക്കും. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ ജയകൃഷ്ണൻ എലത്തൂരുകാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് റെയിൽവേ ഉദ്യോഗസ്ഥ
സംഘം സ്ഥലത്തെത്തിയത്.
2025 ഫെബ്രുവരിയിലാണ് കോരപ്പുഴ പാലം മുതൽ വെങ്ങാലി പാലം വരെയുള്ള ഭാഗത്തെ റെയിൽവേ ട്രാക്കിന് സമാന്തരമായ റോഡിലേക്കുള്ള പ്രവേശനം തടഞ്ഞത്. ഇതോടെ പ്രധാന റോഡിലെത്താൻ അഞ്ച് കിലോമീറ്ററോളം ദൂരം അധികമായി സഞ്ചരിക്കേണ്ട സ്ഥിതിയിലായിരുന്നു നാട്ടുകാർ. റെയിൽവേ ട്രാക്കിന് സമാന്തരമായി ഇരുവശത്തുമുള്ള മൂന്ന് കിലോമീറ്ററോളം ഭാഗത്തെ റോഡിലേക്കുള്ള പ്രവേശനമാണ് റെയിൽവേ അടച്ചത്. ഇരുവശത്തുമായി ഓരോ 700 മീറ്ററിലും ഒരു വഴി വീതം തുറന്നുനൽകാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ ഒവ്യക്തിയുടെ വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ പരിഗണിക്കാമെന്ന് റെയിൽവേ അറിയിച്ചു. പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ഡിവിഷണൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ ഡിവിഷൻ എൻജിനിയറും സ്ഥലത്തെത്തിയിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രനും എം.കെ രാഘവൻ എം.പിയും ജില്ലാ കളക്ടറുമെല്ലാം വിഷയത്തിൽ ഇടപെട്ട് റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ സമര സമിതി നേതാക്കൾ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തു. എന്നിട്ടും മാസങ്ങളോളം നടപടിയെടുക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
'' ട്രാക്കിന് സമാന്തരമായി പോകുന്ന റോഡ് കാലങ്ങളായി പ്രദേശവാസികൾ ഉപയോഗിക്കുന്നതാണ്. വഴി തുറക്കാമെന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ അറിയിപ്പ് ഏറെ ആശ്വാസം നൽകുന്നതാണ്.
- സജീവൻ ,പ്രസിഡന്റ്, എലത്തൂർ കരുണ റെസിഡൻസ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |