കോഴിക്കോട് : ഇടതുസർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ചിൽ സംഘർഷം. കളക്ടറേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആരോഗ്യ മേഖലയെ കുളംതോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമെന്ന് പി.കെ.ഫിറോസ് പറഞ്ഞു. സർജറിയ്ക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്തുവന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് പറഞ്ഞു.
പ്രകടനം എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ചു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിഖ്, സംസ്ഥാന സമിതി അംഗം എ.ഷിജിത്ത് ഖാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |