കോട്ടയം: തകർന്നത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് പറഞ്ഞ് നിസാരവത്കരിച്ചു. രക്ഷാപ്രവർത്തനം യഥാസമയം തുടങ്ങിയില്ല. രണ്ടുമണിക്കൂറാേളം തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുനില കെട്ടിടത്തിന്റെ ടോയ്ലെറ്ര് ഭാഗം തകർന്നുണ്ടായ മരണത്തിന് പിന്നിൽ കടുത്ത അനാസ്ഥ.
പ്രതിപക്ഷ പ്രതിഷേധം സംസ്ഥാനത്താകെ ആളിക്കത്തി. മൂന്നുപേർക്ക് നിസാരപരിക്കേ ഉള്ളൂവെന്ന് തുടക്കത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. ഉപകരണങ്ങളില്ലാതെ ശസ്ത്രിക്രിയ മുടങ്ങിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലിലൂടെ പുറത്തറിഞ്ഞ കെടുകാര്യസ്ഥതയ്ക്കു പിന്നാലെ സംഭവിച്ച ഈ ദുരന്തം നാടിന് വൻ ആഘാതമായി.
68 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള അടച്ചിട്ടിരുന്ന ടോയ്ലെറ്റ് ഭാഗമാണ് തകർന്നത്. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വിശ്രുതന്റെ ഭാര്യയും വസ്ത്രശാല ജീവനക്കാരിയുമായ ഡി.ബിന്ദുവാണ് (52) മരിച്ചത്. ശസ്ത്രക്രിയയ്ക്കായി ന്യൂറോ ട്രോമോകെയർ വിഭാഗത്തിൽ ചികിത്സയിലുള്ള മകൾ നവമിയുടെ (20) പരിചരണത്തിന് നിന്ന ബിന്ദു ടോയ്ലെറ്റിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ശസ്ത്രക്രിയ കഴിഞ്ഞ് പത്താംവാർഡിൽ കഴിയുന്ന വയനാട് സ്വദേശി ത്രേസ്യാമ്മയ്ക്കൊപ്പമെത്തിയ കൊച്ചുമകൾ അലീന വിൻസെന്റ് (11), ജിനു സജി (38), അത്യാഹിത വിഭാഗം ജീവനക്കാരൻ അമൽ പ്രദീപ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.50നായിരുന്നു ദുരന്തം. പരിക്കേറ്റവരെ രക്ഷിച്ചതോടെ മറ്റാരും ഉണ്ടാകില്ലെന്ന ധാരണയിൽ തെരച്ചിൽ നടത്താത്തതാണ് വിനയായത്. അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുറ്റുമുണ്ടായിരുന്ന ആറു വാർഡുകളിലെ രോഗികളെ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബിന്ദുവിന്റെ സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ നവനീത് സിവിൽ എൻജിനിയറാണ്.
കെട്ടിടം ഉപയോഗത്തിൽ ഇല്ലെന്ന വാദം പൊളിഞ്ഞു
പഴക്കമുള്ള കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്ന അധികൃതരുടെ വാദം തെറ്റ്. തകർന്ന ടോയ്ലെറ്റ് ഭാഗം അടങ്ങുന്ന രണ്ടാംനിലയിൽ 10,14,11 വാർഡുകളിലായി ന്യൂറോളജി, ജനറൽ മെഡിസിൻ, ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളടക്കം ഉണ്ടായിരുന്നു. 14-ാം വാർഡിലെ ടോയ്ലെറ്റ് ഭാഗമാണ് തകർന്നത്. വെള്ളംവീണ് ചുമരുകളടക്കം കുതിർന്നതിനാൽ ടോയ്ലെറ്റ് ഭാഗം മാത്രമാണ് അടച്ചിട്ടിരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ഉപയോഗിക്കുന്നത് വിലക്കുകയോ ചെയ്തിരുന്നില്ല. 2013ൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബ്ളോക്ക് പണിതെങ്കിലും ഉദ്ഘാടനമായിട്ടില്ല.
മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചു തെരച്ചിൽ വൈകി
ഒന്നര കിലോമീറ്റർ അകലെ മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും ഉടൻ സ്ഥലത്തെത്തി മൂന്നുപേർ മാത്രമാണ് അപകടത്തിൽപ്പെട്ടതെന്ന് ആദ്യം പ്രതികരിച്ചു. ഇതോടെ തെരച്ചിലിന് ആരും തയ്യാറായില്ല. ഉപയോഗമില്ലാത്ത കെട്ടിടമാണെന്ന് ആശുപത്രി അധികൃതർ മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ. കെട്ടിടം ഇടിഞ്ഞു വീണ വിവരം തിരക്കിയപ്പോൾ 2 പേർക്ക് പരിക്കേറ്റെന്നാണ് അറിഞ്ഞത്. പൊലീസിന്റെയും, ഫയർഫോഴ്സിന്റെയും ഭാഗത്തുനിന്ന് അത്തരം റിപ്പോർട്ടാണ് ലഭിച്ചത്. താനാണ് മന്ത്രിയോടും ഇക്കാര്യം ധരിപ്പിച്ചത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നെങ്കിലും പൂർണമായും അവിടുത്തെ പ്രവർത്തനങ്ങൾ മാറ്റാൻ പറ്റുന്ന സാഹചര്യമല്ലായിരിന്നു.
'അപകടം ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒരു സംഭവമുണ്ടായാൽ മുൻവിധിയോടെ നടപടിയെടുക്കാനാവില്ല. വിഷയം പരിശോധിക്കണം. മെഡിക്കൽ കോളേജ് ആരംഭിക്കുന്ന സമയത്തെ ആദ്യത്തെ കെട്ടിടമാണിത്. 2013 കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെന്ന് പറഞ്ഞിട്ട് അതിനെ കുറിച്ച് ആരെങ്കിലും അന്വേഷിക്കുകയോ ഫണ്ട് വകയിരുത്തുകയോ ചെയ്തിട്ടില്ല. 526 കോടി രൂപ സർജിക്കൽ ബ്ലോക്കിനും സൂപ്പർ സ്പെഷ്യാലിറ്റിക്കുമായി ഇടതുസർക്കാർ അനുവദിച്ചു. 565 ബെഡും 14 ഓപ്പറേഷൻ തിയേറ്ററും ഇവിടെയുണ്ട്. 99 ശതമാനം നിർമ്മാണവും പൂർത്തിയായി".
- മന്ത്രി വി.എൻ. വാസവൻ
'അന്വേഷണത്തിന് കളക്ടറെ ചുമതലപ്പെടുത്തി. രക്ഷാപ്രവർത്തനം വൈകിയിട്ടില്ല. തകർന്നത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. അപകടവിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കാൻ പ്രയാസമായിരുന്നു".
-മന്ത്രി വീണാ ജോർജ്
10.50 എ.എം
കെട്ടിട ഭാഗം തകർന്നു,
പരിക്കേറ്റവരെ ഉടൻ രക്ഷിച്ചു
11.15
മന്ത്രിമാരായെ വീണാജോർജും
വി.എൻ. വാസവനും എത്തി
11.45
തെരച്ചിലിനായി ജെ.സി.ബി അടക്കം എത്തിച്ചു
12.50
തെരച്ചിൽ തുടങ്ങി, ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |