ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി (269)
ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കാഡ് സ്കോറിൽ ഇന്ത്യ
ഇന്ത്യ 587 ആൾഔട്ട്, ഇംഗ്ളണ്ട് 77/3
ബർമിംഗ്ഹാം : ഗില്ലറ്റിൻ പോലെ ഇംഗ്ളണ്ട് ബൗളർമാരെ അരിഞ്ഞുവീഴ്ത്തിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ (269) തകർപ്പൻ ഇരട്ടസെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കാഡ് സ്കോറിലെത്തി. ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റണിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായയ്ക്ക് ശേഷം 587 റൺസിൽ ഇന്ത്യ ആൾഔട്ടായി. ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനം കളിനിറുത്തുമ്പോൾ 77/3 എന്ന നിലയിലാണ്. 510 റൺസ് പിന്നിലാണ് ഇപ്പോൾ ഇംഗ്ളണ്ട്.
269 റൺസുമായി തിമിർത്താടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ആദ്യ ദിനത്തിൽ അർദ്ധസെഞ്ച്വറി നേടി പുറത്തായ യശസ്വി ജയ്സ്വാളിന് (87)പുറമേ ഇന്നലെ രവീന്ദ്ര ജഡേജയും (89) അർദ്ധ സെഞ്ച്വറി നേടി. വാഷിംഗ്ടൺ സുന്ദർ 42 റൺസെടുത്ത് പുറത്തായി. ഇന്നലെ 310/5 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. രണ്ടാം ദിനത്തിലെ രണ്ട് സെഷനുകളിൽ നിന്ന് 254 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
114 റൺസുമായി ഗില്ലും 41 റൺസുമായി ജഡേജയുമാണ് ഇന്നലെ ഇന്നിംഗ്സ് തുടരാനെത്തിയത്. ഇരുവരും ചേർന്ന് രാവിലെ മുതൽ ഇംഗ്ളണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ആറാം വിക്കറ്റിൽ 203 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ലഞ്ചിന് മുമ്പ് ജഡേജ മടങ്ങിയത്.137 പന്തുകൾ നേരിട്ട ജഡേജ 10 ഫോറുകളും ഒരു സിക്സും പായിച്ചശേഷമാണ് ടംഗിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങിയത്. പകരമെത്തിയ വാഷിംഗ്ടൺ സുന്ദർ ഗില്ലിന് പിന്തുണ നൽകിയതോടെ ചായയ്ക്ക് മുന്നേ ഗില്ലിന്റെ കന്നി ഇരട്ടസെഞ്ച്വറി പിറന്നു. നേരിട്ട 311-ാമത്തെ പന്തിലാണ് ഗിൽ ഇരട്ടശതകം തികച്ചത്.
ചരിത്രനേട്ടം പിന്നിട്ടതോടെ ഗിൽ വീണ്ടും കൂറ്റൻ ഷോട്ടുകൾ പായിച്ച് സ്കോർ ഉയർത്തി. നേരിട്ട 387 പന്തുകളിൽ ഗിൽ 30 ഫോറുകളും മൂന്ന് സിക്സുകളും പറത്തി. ചായയ്ക്ക് ശേഷം ടംഗിന്റെ പന്തിൽ പോപ്പിന് ക്യാച്ച് നൽകി ഗിൽ പുറത്താകുമ്പോൾ ഇന്ത്യ 574/8 എന്ന സ്കോറിലെത്തിയിരുന്നു.തുടർന്ന് ആകാശ്ദീപിനെയും(6) സിറാജിനെയും (8) പുറത്താക്കി ബഷീർ ഇന്ത്യയെ ആൾഔട്ടാക്കി.
ഇംഗ്ളണ്ടിനായി ഷൊയ്ബ് ബഷീർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്സ്,ജോഷ് ടംഗ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ബ്രണ്ടൻ കാഴ്സ്,ബെൻ സ്റ്റോക്സ്,ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ബെൻ ഡക്കറ്റ് (0),ഒല്ലീ പോപ്പ് (0), സാക്ക് ക്രാവ്‌ലി (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആകാശ് ദീപ് സിംഗാണ് അടുത്തടുത്ത പന്തുകളിൽ ഡക്കറ്റിനെയും പോപ്പിനെയും ഡക്കാക്കിയത്. സിറാജാണ് ക്രാവ്‌ലിയെ പുറത്താക്കിയത്. കളി നിറുത്തുമ്പോൾ 18 റൺസുമായി ജോ റൂട്ടും 30 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |