മലപ്പുറം: ഏത് നിമിഷവും തലയിലേക്ക് അടർന്നു വീഴാവുന്ന കോൺഗ്രീറ്റ് പാളികളെ പേടിച്ചു വേണം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്താൽ. കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ ഭീമിന്റെ കോൺഗ്രീറ്റടക്കം അടർന്നു വീണ് തുരുമ്പിച്ച കമ്പികൾ കാണാം. ഇതിന്റെ താഴെ നിന്ന് വേണം രോഗികൾക്ക് ഒ.പി ടിക്കറ്റെടുക്കാൻ. ജീവനക്കാരും ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്. കാഷ്വാലിറ്റിയിൽ തിരക്കുണ്ടാവുമ്പോൾ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് താഴെ വേണം കുട്ടികളും പ്രായമായവരും ഉൾപ്പെടെ ക്യൂ നിൽക്കാൻ. മുഴുവൻ സമയ സേവനം ലഭ്യമായതിനാൽ ദിനംപ്രതി 400ഓളം രോഗികളാണ് കാഷ്വാലിറ്റിയിൽ ചികിത്സ തേടുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ എത്തുന്നവരെ എളുപ്പത്തിൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാൻ നിലവിലെ കാഷ്വാലിറ്റി വാർഡാണ് കൂടുതൽ സൗകര്യപ്രദമെങ്കിലും ഇത് മറ്റൊരു അപകടത്തിന് ഏത് നിമിഷവും വഴിവച്ചേക്കാം. കാഷ്വാലിറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടത് അനിവാര്യമാണ്.
70 കൊല്ലത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഒന്നര വർഷം മുമ്പാണ് അന്നത്തെ ആശുപത്രി സൂപ്രണ്ട് കിടത്തി ചികിത്സ നിറുത്തിവയ്പ്പിച്ചത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഇവയെല്ലാം കെട്ടിടത്തിൽ നിന്ന് മാറ്റിയെങ്കിലും കാഷ്വാലിറ്റിയുടെ പ്രവർത്തനം തുടർന്നു. ശസ്ത്രക്രിയക്ക് ശേഷം 35ഓളം രോഗികളെ കിടത്തുന്ന ഐ.സി.യു, കുട്ടിൾക്ക് കുത്തിവെപ്പ് എടുക്കുന്ന കേന്ദ്രം, എക്സറേ യൂണിറ്റ് എന്നിവ പൊളിക്കാനുള്ള കെട്ടിടത്തോട് ചേർന്നാണ്. ഇതിനാൽ കെട്ടിടം പൊളിക്കുമ്പോൾ ഇവയുടെ പ്രവർത്തനങ്ങളും താത്ക്കാലികമായി നിറുത്തേണ്ടിവരും.
വേണം വേഗത്തിൽ നടപടി
ആശുപത്രി സൂപ്രണ്ടിന്റെ നിരന്തരശ്രമഫലമായി ഒരുമാസം മുമ്പ് കെട്ടിടം പൊളിക്കാനുള്ള അനുമതി ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പൊളിക്കുന്നതിനുള്ള തുടർനടപടി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചേർന്ന് തീരുമാനിക്കണം. ശേഷം നഗരസഭ കൗൺസിലിൽ വെച്ച് അംഗീകാരം നേടേണ്ടതുണ്ട്. അടുത്ത ആഴ്ച എച്ച്.എം.സി യോഗം ചേരും.
1,500 - ഓളം രോഗികൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി ചികിത്സ തേടുന്നുണ്ട്.
32,000 പേർ ജൂണിൽ ചികിത്സ തേടി.
പഴയ കെട്ടിടം പൊളിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ നഗരസഭ അധികൃതരുമായി കൂടി ബന്ധപ്പെട്ട് വേഗത്തിലാക്കും.
ഡോ.രാജഗോപാൽ, ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |